ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത പരിശീലകനാരെന്ന കാര്യത്തില്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ച മുറുകി. നിലവില്‍ അര്‍ജന്റീനക്കാരന്‍ മൗറീഷ്യോ പൊച്ചെറ്റിനോയ്ക്കാണ് സാധ്യത കൂടുതല്‍. 

ഫ്രഞ്ച് ഇതിഹാസതാരവും റയല്‍ മഡ്രിഡ് മുന്‍ പരിശീലകനുമായ സിനദിന്‍ സിദാന്‍ യുണൈറ്റഡിലേക്കെത്തില്ലെന്ന് ഏതാണ്ടുറപ്പായിട്ടുണ്ട്. കഴിഞ്ഞദിവസമാണ് യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗുണാര്‍ സോള്‍ഷ്യറെ പുറത്താക്കിയത്. നിലവില്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യുടെ പരിശീലകനാണ് പൊച്ചെറ്റിനോ. യുണൈറ്റഡ് സമീപിച്ചാല്‍ പൊച്ചെറ്റിനോ വരാന്‍ സാധ്യതയേറെയാണ്. യുണൈറ്റഡിന്റെ വിഖ്യാത പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്‍ അടക്കമുള്ളവര്‍ പൊച്ചെറ്റിനോയെ കൊണ്ടുവരാന്‍ താത്പര്യപ്പെടുന്നവരാണ്.

മുമ്പ് ടോട്ടനത്തെ പരിശീലിപ്പിച്ചിട്ടുള്ള പൊച്ചെറ്റിനോ ഇംഗ്ലീഷ് ലീഗില്‍ പയറ്റിത്തെളിഞ്ഞ പരിശീലകനാണ്. മെസ്സിയും നെയ്മറും കൈലിയന്‍ എംബാപ്പെയും കളിക്കുന്ന പി.എസ്.ജി. ടീമിനെ മുന്നോട്ടുകൊണ്ടുപോകാനും പരിശീലകനാവുന്നുണ്ട്.

പൊച്ചെറ്റീനോയ്ക്ക് പുറമേ അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്, ലെസ്റ്ററിന്റെ ബ്രണ്ടന്‍ റോജേഴ്‌സ് എന്നിവരും യുണൈറ്റഡിന്റെ പരിഗണനയിലുണ്ട്. നിലവില്‍ മൈക്കിള്‍ കാരിക്കാണ് ടീമിന്റെ താത്കാലിക പരിശീലകന്‍. 

Content Highlights: Manchester United looking for a new manager