ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ലെസ്റ്റര്‍ സിറ്റിയ്ക്കും വിജയം. യുണൈറ്റഡ് വെസ്റ്റ്ഹാമിനെ കീഴടക്കിയപ്പോള്‍ ലെസ്റ്റര്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ തകര്‍ത്തു. എന്നാല്‍ ടോട്ടനത്തിന് അടിതെറ്റി. ആഴ്‌സനലാണ് ടോട്ടനത്തെ കീഴടക്കിയത്. സതാംപ്ടണും തോല്‍വി രുചിച്ചു.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചുനടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. 53-ാം മിനിട്ടില്‍ ക്രെയ്ഗ് ഡോസണ്‍ വഴങ്ങിയ സെല്‍ഫ് ഗോളിന്റെ ബലത്തിലാണ് ടീം വിജയിച്ചത്. ഇതോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ ടീമിന് സാധിച്ചു. 

ലെസ്റ്റര്‍ സിറ്റി എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ നാണംകെടുത്തി. ഹാട്രിക്കുമായി കളം നിറഞ്ഞു കളിച്ച കെലെച്ചി ഇഹിയനാച്ചോയുടെ മികവിലാണ് ടീം വിജയിച്ചത്. അയോസെ പെരെസ് നാലാം ഗോള്‍ നേടിയപ്പോള്‍ അംപാടുവിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. ഈ വിജയത്തോടെ ലെസ്റ്റര്‍ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

തുല്യശക്തികളുടെ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ആഴ്‌സനല്‍ വിജയിച്ചത്. എറിക്ക് ലമേല നേടിയ അത്ഭുത ഗോളിലൂടെ 33-ാം മിനിട്ടില്‍ ടോട്ടനമാണ് ആദ്യം മുന്നില്‍ കയറിയത്. എന്നാല്‍ മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്,  ലാക്കസെറ്റെ എന്നിവരിലൂടെ നഷ്ടപ്പെട്ട മത്സരം ആഴ്‌സനല്‍ തിരിച്ചുപിടിച്ചു. ഈ വിജയത്തോടെ ആഴ്‌സനല്‍ പത്താം സ്ഥാനത്ത് തുടരുന്നു. ടോട്ടനം ഏഴാമതായി.

സീസണിന്റെ തുടക്കത്തില്‍ മിന്നും ഫോമില്‍ കളിച്ച സതാംപ്ടണ്‍ വീണ്ടും തോറ്റു. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ബ്രൈട്ടണാണ് ടീമിനെ കീഴടക്കിയത്. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ ടീം വഴങ്ങുന്ന നാലാം തോല്‍വിയാണിത്. ബ്രൈട്ടണ് വേണ്ടി ലൂയിസ് ഡങ്ക്, ലിയാന്‍ഡ്രോ ട്രൊസ്സാര്‍ഡ് എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ സതാംപ്ടണിന്റെ ആശ്വാസ ഗോള്‍ ചെ ആഡംസ് നേടി. 

Content Highlights: Manchester United get crucial week off to successful start as Craig Dawson own goal sinks West Ham