മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ 21 ജയങ്ങളുടെ കുതിപ്പിന് കടിഞ്ഞാണിട്ട് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. 

സിറ്റിയുടെ സ്വന്തം എത്തിഹാദ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. 

ജയത്തോടെ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ മൂന്ന് എവേ ജയങ്ങള്‍ നേടുന്ന ആദ്യ യുണൈറ്റഡ് പരിശീലകനെന്ന നേട്ടവും സോള്‍ഷ്യറിന് സ്വന്തമായി. 

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ആന്തണി മാര്‍ഷ്യലിനെ ഗബ്രിയേല്‍ ജീസസ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടാം മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. 

പിന്നീട് 50-ാം മിനിറ്റില്‍ ലൂക്ക് ഷോയിലൂടെ യുണൈറ്റഡ് ലീഡുയര്‍ത്തി. ഷോയും റാഷ്‌ഫോര്‍ഡും ചേര്‍ന്നുള്ള മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.

തോറ്റെങ്കിലും 28 മത്സരങ്ങളില്‍ നിന്ന് 65 പോയന്റുമായി സിറ്റി തന്നെയാണ് ഒന്നാമത്. 54 പോയന്റുമായി യുണൈറ്റഡ് രണ്ടാമതും. 

Content Highlights: Manchester United end Manchester City s 21 match winning streak