ഗ്രനാഡ: യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ വിജയം. എന്നാല്‍ മറ്റൊരു ഇംഗ്ലീഷ് ക്ലബ്ബായ ആഴ്‌സനല്‍ സമനിലയില്‍ കുരുങ്ങി. 

സ്പാനിഷ് ക്ലബ്ബായ ഗ്രനാഡയെയാണ് യുണൈറ്റഡ് കീഴടക്കിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. ഗ്രനാഡയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ യുണൈറ്റഡിനായി 31-ാം മിനിട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് ആദ്യ ഗോള്‍ നേടി. കളിയവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിനില്‍ക്കേ 90-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെര്‍ണാണ്ടസ് ടീമിനായി രണ്ടാം ഗോള്‍ സമ്മാനിച്ചു.

കളിയുടെ സമസ്ത മേഖലയിലും ആധിപത്യം പുലര്‍ത്തിയാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ രണ്ട് എവേ ഗോളിന്റെ ലീഡും യുണൈറ്റഡ് സ്വന്തമാക്കി. 

സ്ലാവിയ പ്രാഹയോടാണ് ആഴ്‌സനല്‍ സമനിലയില്‍ കുരുങ്ങിയത്. ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ വെച്ചുനടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു. 86-ാം മിനിട്ടില്‍ നിക്കോളാസ് പെപ്പെയിലൂടെ ആഴ്‌സനലാണ് ലീഡെടുത്തത്. എന്നാല്‍ കളി തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ തോമസ് ഹോളെസിലൂടെ സ്ലാവിയ സമനില ഗോള്‍ നേടി. ഇതോടെ വിലപ്പെട്ട എവേ ഗോളും സ്ലാവിയ സ്വന്തമാക്കി. 

മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ റോമ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് അയാക്‌സിനെയും വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ സാഗ്‌റെബിനെയും കീഴടക്കി.

രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 16 ന് നടക്കും.

Content Highlights: Manchester United Ease To Win, Arsenal Held By Slavia in Europa League