ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനില. ഇത്തവണ താരതമ്യേന ദുര്‍ബലരായ ക്രിസ്റ്റല്‍ പാലസാണ് യുണൈറ്റഡിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഈ സമനിലയോടെ യുണൈറ്റഡിന്റെ കിരീട പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

കഴിഞ്ഞ അഞ്ചുമത്സരങ്ങള്‍ക്കിടയില്‍ യുണൈറ്റഡ് വഴങ്ങുന്ന നാലാം സമനിലയാണിത്. ഫെബ്രുവരി മൂന്നിന് സതാംപ്ടണെ എതിരില്ലാത്ത ഒന്‍പത് ഗോളുകള്‍ക്ക് കീഴടക്കിയ ശേഷം എവര്‍ട്ടണിനോടും വെസ്റ്റ് ബ്രോമിനോടും ചെല്‍സിയോടും സമനില വഴങ്ങി. ന്യൂകാസിലിനെതിരേ മാത്രമാണ് വിജയിക്കാനായത്. 

ഈ സമനിലയോടെ 27 മത്സരങ്ങളില്‍ നിന്നും 51 പോയന്റുകളാണ് ടീമിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 65 പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചെസ്റ്റര്‍ സിറ്റി യുണൈറ്റഡിനേക്കാള്‍ 14 പോയന്റുകള്‍ക്ക് മുന്നിലാണ്. 

നിറം മങ്ങുന്ന മുന്നേറ്റനിരയാണ് യുണൈറ്റഡിന് തലവേദനയാകുന്നത്. റാഷ്‌ഫോര്‍ഡും മാര്‍ഷ്യലുമെല്ലാം ഫോമിന്റെ നിഴലില്‍ മാത്രമായി ഒതുങ്ങുന്നു. ബ്രൂണോ ഫെര്‍ണാണ്ടസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുന്നത്.

Content Highlights: Manchester United draw with Crystal Palace in English Premier League