ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതിരോധതാരം ആരോണ്‍ വാന്‍ ബിസ്സാക്കയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരവും നഷ്ടമാകും. ചാമ്പ്യന്‍സ് ലീഗില്‍ യങ് ബോയ്‌സിനെതിരായ മത്സരത്തില്‍ ഫൗള്‍ നടത്തിയതിനെതിരേ താരത്തിന് റഫറി ചുവപ്പുകാര്‍ഡ് വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരു മത്സരത്തില്‍ താരത്തിന് വിലക്കേര്‍പ്പെടുത്തി. ഗുരുതരമായ ഫൗള്‍ ആണെന്ന് പിന്നീട് കണ്ടെത്തിയതിനാല്‍ ബിസാക്കയെ ഒരു മത്സരത്തില്‍ കൂടി വിലക്കുകയായിരുന്നു.

യങ് ബോയ്‌സിനെതിരായ മത്സരത്തിന്റെ 35-ാം മിനിട്ടില്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍സിനെ ഫൗള്‍ ചെയ്തതിനാണ് ബിസാക്കയ്ക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഈ മത്സരത്തില്‍ യുണൈറ്റഡ് പരാജയപ്പെടുകയും ചെയ്തു. 

രണ്ട് മത്സരങ്ങളിലാണ് ബിസാക്കയ്ക്ക് പുറത്തിരിക്കേണ്ടി വരിക. അതിലൊന്ന് ഇന്ന് പുലര്‍ച്ചേ അവസാനിച്ചു. യുണൈറ്റഡ്-വിയ്യായല്‍ മത്സരത്തില്‍ ബിസാക്ക കളിക്കാനിറങ്ങിയിരുന്നില്ല. പകരം ഡീഗോ ഡാലോവാണ് കളിച്ചത്. മത്സരത്തില്‍ 2-1 ന് യുണൈറ്റഡ് വിയ്യാറയലിനെ കീഴടക്കിയിരുന്നു. 

ബിസാക്കയ്ക്ക് ചാമ്പ്യന്‍സ് ലീഗിലെ അടുത്ത മത്സരവും നഷ്ടമാകും. ഒക്ടോബര്‍ 20 ന് അത്‌ലാന്റയ്‌ക്കെതിരായ മത്സരമാണ് ഇംഗ്ലീഷ് താരത്തിന് നഷ്ടമാകുക. ഇത് വലിയ തിരിച്ചടിയാണ് യുണൈറ്റഡിന് സമ്മാനിച്ചിരിക്കുന്നത്. ബിസാക്കയുടെ അഭാവം വിയ്യാറയലിനെതിരായ മത്സരത്തില്‍ പ്രകടമായിരുന്നു. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ബിസാക്ക.

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലാണ് യുണൈറ്റഡ് മത്സരിക്കുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു തോല്‍വിയുമുള്ള യുണൈറ്റഡ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അത്‌ലാന്റയെ കീഴടക്കിയാല്‍ സോള്‍ഷ്യറിനും സംഘത്തിനും അടുത്ത റൗണ്ടിലേക്ക് ടിക്കറ്റെടുത്താം.

Content Highlights: Manchester United defender Wan-Bissaka's Champions League ban extended to two matches