ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയ്ക്ക് പരിക്ക്. ഇന്നലെ നടന്ന സതാംപ്ടണെതിരായി നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയ്‌ക്കെതിരായ മത്സരത്തില്‍ ഹിയ കളിച്ചേക്കില്ല. ബുധനാഴ്ചയാണ് യുണൈറ്റഡ് പി.എസ്.ജിയെ നേരിടുന്നത്.

സതാംപ്ടണെതിരെ ഒരു ഫ്രീകിക്ക് തടയുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റുന്നത്. സതാംപ്ടണിന്റെ മിഡ്ഫീല്‍ഡര്‍ ജെയിംസ് വാര്‍ഡ് പ്രൗസിന്റെ ഫ്രീകിക്ക് തടയാന്‍ ശ്രമിക്കുമ്പോള്‍ ഡി ഹിയയുടെ കാല്‍മുട്ട് ഗോള്‍പോസ്റ്റിനിടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരം ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. പകരം ഹെന്‍ഡേഴ്‌സണ്‍ യുണൈറ്റഡിന്റെ ഗോള്‍വല കാത്തു. ആദ്യം രണ്ടു ഗോളുകള്‍ വഴങ്ങിയെങ്കിലും പിന്നീട് മൂന്നുഗോളുകള്‍ തിരിച്ചടിച്ച് യുണൈറ്റഡ് മത്സരം സ്വന്തമാക്കി.

ഡി ഹിയയുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. പക്ഷേ താരത്തിന് ഒരാഴ്ചത്തെ വിശ്രമം വേണ്ടിവന്നേക്കും. അങ്ങനെയാണെങ്കില്‍ പി.എസ്.ജിയ്‌ക്കെതിരെ ഹെന്‍ഡേഴ്‌സണായിരിക്കും യുണൈറ്റഡ് ഗോള്‍വല കാക്കുക. ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ യുണൈറ്റഡാണ് വിജയം സ്വന്തമാക്കിയത്. നിലവില്‍ ഗ്രൂപ്പ് എച്ചില്‍ നാലുമത്സരങ്ങളില്‍ നിന്നും 9 പോയന്റുള്ള ടീം ഒന്നാമതാണ്. 

Content Highlights: Manchester United's David De Gea a doubt for Champions League game against PSG