മാഞ്ചെസ്റ്റര്‍: പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറെ പുറത്താക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. വാറ്റ്‌ഫോര്‍ഡിനെതിരായ വമ്പന്‍ തോല്‍വിയാണ് സോള്‍ഷ്യര്‍ക്ക് തിരിച്ചടിയായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ താരതമ്യേന ദുര്‍ബലരായ വാറ്റ്‌ഫോര്‍ഡ് ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തത്. ഈ സീസണില്‍ യുണൈറ്റഡിന് മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ സോള്‍ഷ്യര്‍ക്ക് സാധിച്ചിരുന്നില്ല.

സോള്‍ഷ്യര്‍ക്ക് പകരം സഹപരിശീലകനും മുന്‍ താരവുമായ മൈക്കിള്‍ കാരിക്കിനെ താത്കാലിക പരിശീലകനായി യുണൈറ്റഡ് നിയമിച്ചു. 

ഈ സീസണില്‍ സോള്‍ഷ്യര്‍ക്ക് കീഴില്‍ അതിദയനീയമായ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്. കഴിഞ്ഞ ഏഴ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ അഞ്ചിലും ടീം തോറ്റു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങള്‍ മാത്രമുള്ള യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയന്റ് പട്ടികയില്‍ ഏഴാമതാണ്.  മൂന്നുവര്‍ഷത്തേക്കാണ് സോള്‍ഷ്യറുടെ കരാറുള്ളത്. ഇത് റദ്ദാക്കി. സോള്‍ഷ്യര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കും. ലിവര്‍പൂളിനോടും സിറ്റിയോടും ലെസ്റ്ററിനോടുമെല്ലാം അതിദയനീയമായാണ് യുണൈറ്റഡ് ഈ സീസണില്‍ പരാജയപ്പെട്ടത്. 

2018-ലാണ് സോള്‍ഷ്യര്‍ പരിശീലകനായി സ്ഥാനമേറ്റത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചു എന്നതൊഴിച്ചാല്‍ ഒരു കിരീടം പോലും ടീമിന് നേടിക്കൊടുക്കാന്‍ പരിശീലകന് സാധിച്ചില്ല. പ്രതിഭാധനരായ നിരവധി താരങ്ങളാണ് യുണൈറ്റഡിലുള്ളത്. 

പുതിയ സീസണില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജേഡന്‍ സാഞ്ചോ, റാഫേല്‍ വരാനെ എന്നിവരെ സോള്‍ഷ്യര്‍ ടീമിലെത്തിച്ചു. ഇതോടെ യുണൈറ്റഡ് അതിശക്തരായി. റൊണാള്‍ഡോ, സാഞ്ചോ, വരാനെ, ബ്രൂണോ ഫെര്‍ണാണ്ടസ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡോണി വാന്‍ ഡി ബീക്ക്, പോള്‍ പോഗ്ബ, ഹാരി മഗ്വയര്‍, ഡേവിഡ് ഡി ഹിയ, ആരോണ്‍ വാന്‍ ബിസ്സാക്ക, എഡിന്‍സണ്‍ കവാനി, ഗ്രീന്‍വുഡ് തുടങ്ങിയ മികച്ച താരങ്ങളുണ്ടായിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സോള്‍ഷ്യറുടെ തന്ത്രങ്ങള്‍ക്കായില്ല. 

ആരാധകരുടെ നിരന്തരമായ അഭ്യര്‍ഥനയും പുതിയ തീരുമാനം കൈക്കൊള്ളുന്നതില്‍ യുണൈറ്റഡിനെ പ്രേരിപ്പിച്ചു. കാരിക്ക് താത്കാലിക പരിശീലകനായി തുടരുമെങ്കിലും മുഖ്യപരിശീകനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്. ഫുട്‌ബോള്‍ ഇതിഹാസം സിനദിന്‍ സിദാനെയാണ് യുണൈറ്റഡ് നോട്ടമിടുന്നത്. റയല്‍ മഡ്രിഡിന് മിന്നും വിജയങ്ങള്‍ സമ്മാനിച്ച സിദാന്‍ നിലവില്‍ ഒരുടീമിനെയും പരിശീലിപ്പിക്കുന്നില്ല. ലെസ്റ്ററിന്റെ പരിശീലകന്‍ ബ്രെണ്ടന് റോഡ്‌ജേഴ്‌സ്, അയാക്‌സ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് എന്നിവരും യുണൈറ്റഡിന്റെ പരിഗണനയിലുണ്ട്. 

Content Highlights: Manchester United confirm that Ole Gunnar Solskjaer has left his role as Manager