മാഞ്ചെസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ് അത്‌ലാന്റയെയും ചെല്‍സി മാല്‍മോയെയും ബയേണ്‍ ബെന്‍ഫിക്കയെയും ബാഴ്‌സലോണ ഡൈനാമോ കീവിനെയും കീഴടക്കി. 

വീണ്ടും രക്ഷകനായി റൊണാള്‍ഡോ

ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിന് കീഴില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണ് അത്‌ലാന്റയെ കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം തകര്‍പ്പന്‍ കളി പുറത്തെടുത്താണ് യുണൈറ്റഡ് വിജയം നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനായി വിജയ ഗോള്‍ നേടിയത്. 

യുണൈറ്റഡിന്റെ തട്ടകത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 15-ാം മിനിട്ടില്‍ തന്നെ മരിയോ പസലിച്ചിലൂടെ അത്‌ലാന്റ ലീഡെടുത്തു. 28-ാം മിനിട്ടില്‍ മെറിഹ് ഡെമിറാല്‍ ലക്ഷ്യം കണ്ടതോടെ അത്‌ലാന്റ 2-0 ന് മുന്നിലെത്തുകയും യുണൈറ്റഡ് മറ്റൊരു തോല്‍വിയെ അഭിമുഖീകരിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ ഈ ലീഡ് കാത്തുസൂക്ഷിക്കാനും ടീമിന് സാധിച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഉശിരോടെ പൊരുതിയ യുണൈറ്റഡ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ 53-ാം മിനിട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. നിരവധി അവസരങ്ങള്‍ യുണൈറ്റഡിന് ലഭിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒരു ഗോള്‍ നേടിയതോടെ ഓള്‍ഡ് ട്രാഫോര്‍ഡ് ആവേശത്തിലായി. 75-ാം മിനിട്ടില്‍ നായകന്‍ ഹാരി മഗ്വയര്‍ യുണൈറ്റഡിന് വേണ്ടി സമനില ഗോള്‍ നേടിയതോടെ അത്‌ലാന്റ അപകടം മണത്തു. 

മത്സരം സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച സമയത്താണ് രക്ഷകനായി റൊണാള്‍ഡോ വന്നത്. 81-ാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ച് റൊണാള്‍ഡോ ടീമിന് വിജയവും വിലപ്പെട്ട മൂന്ന് പോയന്റും നേടിക്കൊടുത്തു. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റുമായി യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് യങ്‌ബോയ്‌സിനെ പരാജയപ്പെടുത്തി. 

നാലടിച്ച് ചെല്‍സി അപരാജിതരായി യുവന്റസ്

താരതമ്യേന ദുര്‍ബലരായ മാല്‍മോയെ എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി തകര്‍ത്തത്. സൂപ്പര്‍താരം ജോര്‍ജീന്യോ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റിയന്‍സെനും കൈ ഹാവെര്‍ട്‌സും ചെല്‍സിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. രണ്ട് പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചാണ് ജോര്‍ജീന്യോ ഇരട്ട ഗോളുകള്‍ നേടിയത്. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ യുവന്റസ് സെനിത് സെന്റ് പീറ്റേഴ്‌സ്‌ബെര്‍ഗിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഡെയാന്‍ കുളുസേവ്‌സ്‌കിയാണ് ടീമിനായി വിജയഗോള്‍ നേടിയത്. 

ചാമ്പ്യന്‍സ് ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന യുവന്റസ് ഈ വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയന്റാണ് ടീമിനുള്ളത്. ചെല്‍സി ആറുപോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 

വമ്പന്‍ വിജയം നേടി ബയേണ്‍, ബാഴ്‌സയ്ക്ക് ആദ്യ ജയം

ഗ്രൂപ്പ് ഇയില്‍ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ബെന്‍ഫിക്കയെ കീഴടക്കി. 70 മിനിട്ടുവരെ ഗോള്‍രഹിത സമനിലയില്‍ നിന്ന മത്സരത്തില്‍ അവസാന 20 മിനിട്ടിലാണ് ബയേണ്‍ നാലുഗോളുകള്‍ അടിച്ചുകൂട്ടിയത്. ബയേണിനായി ലിറോയ് സനെ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ സൂപ്പര്‍താരം റോബര്‍ട്ട് ലെവെന്‍ഡോവ്‌സ്‌കിയും ലക്ഷ്യം കണ്ടു. എവര്‍ട്ടണ്‍ സോറസിന്റെ സെല്‍ഫ് ഗോളും ടീമിന് തുണയായി. 

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന് ഡൈനാമോ കീവിനെ കീഴടക്കി. പ്രതിരോധതാരം ജെറാര്‍ഡ് പിക്വെയാണ് ബാഴ്‌സയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവുമധികം ഗോള്‍ നേടിയ പ്രതിരോധതാരം എന്ന റെക്കോഡ് പിക്വെ സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗിലെ പുതിയ സീസണിലെ ബാഴ്‌സയുടെ ആദ്യ വിജയമാണിത്. നേരത്തേ ബെന്‍ഫിക്കയോടും ബയേണിനോടും ബാഴ്‌സ പരാജയപ്പെട്ടിരുന്നു. 

ഈ വിജയത്തോടെ ബാഴ്‌സ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 9 പോയന്റുമായി ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത്. 

Content Highlights: Manchester United, Chelsea, Bayern Munich and Barcelona celebrate victory in Champions league