റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തന്‍മാരുടെ പോരാട്ടം. ജയം തുടരാന്‍ ബയേണ്‍ മ്യൂണിക് ഇറങ്ങുമ്പോള്‍ ആദ്യജയം മോഹിച്ച് എഫ്.സി. ബാഴ്സലോണയും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും. മറ്റൊരു മത്സരത്തില്‍ യുവന്റസും ചെല്‍സിയും കൊമ്പുകോര്‍ക്കും.

ഗ്രൂപ്പ് ഇ-യില്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് യുക്രൈന്‍ ക്ലബ്ബ് ഡൈനാമോ കീവിനെ നേരിടും. ആദ്യകളിയില്‍ ബാഴ്സയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബയേണ്‍ ഇന്നിറങ്ങുന്നത്. ബാഴ്സയ്ക്ക് ബെന്‍ഫിക്കയാണ് എതിരാളി. ഗ്രൂപ്പ് ഡി-യില്‍ ആദ്യകളി തോറ്റ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലാണ് എതിരാളി. 

വിവിധ ടൂര്‍ണമെന്റുകളിലായി മൂന്ന് കളികള്‍ അടുപ്പിച്ച് തോറ്റത് യുണൈറ്റഡ് പരിശീലകന്‍ ഓലെ സോള്‍ഷേറിന് സമ്മര്‍ദം നല്‍കുന്നുണ്ട്. യൂറോപ്പ കപ്പ് ഫൈനലില്‍ യുണൈറ്റഡ് വിയ്യാറയലിനോട് തോല്‍വി വഴങ്ങിയിരുന്നു. അതിന് തിരിച്ചടി സമ്മാനിക്കാനാണ് സോള്‍ഷ്യറും സംഘവും ഇന്നിറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ദുര്‍ബലരായ യങ് ബോയ്‌സ് യുണൈറ്റഡിനെ അട്ടിമറിച്ചിരുന്നു. 

ഗ്രൂപ്പ് എച്ചിലാണ് ചെല്‍സി-യുവന്റസ് മത്സരം. സീരി എ-യിലെ അവസാന കളി ജയിച്ചാണ് യുവന്റസ് വരുന്നത്. മറുവശത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയോട് ചെല്‍സി അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയിരുന്നു. ഈ മത്സരങ്ങള്‍ രാത്രി 12.30-ന് തുടങ്ങും. രാത്രി 10.30-ന് അറ്റ്ലാന്റ യങ്ബോയ്സിനെയും സെനീത് സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ് മാല്‍മോയെയും നേരിടും.

Content Highlights: Manchester United, Chelsea, Barcelona and Bayern Munich Champions league 2021-2022