മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 2020-ലെ ആദ്യ മാഞ്ചെസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിന് ജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഒലെ ഗണ്ണര്‍ സോള്‍ഷ്യറിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഗ്വാര്‍ഡിയോളയുടെ സിറ്റിയെ തകര്‍ത്തത്.
കഴിഞ്ഞ ഡിസംബറില്‍ സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തിലും യുണൈറ്റഡിനായിരുന്നു ജയം (2-1). 10 വര്‍ഷത്തിനു ശേഷം പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ ഡര്‍ബിയില്‍ ഡബിള്‍ നേട്ടം സ്വന്തമാക്കാനും യുണൈറ്റഡിനായി.
ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ ആന്റണി മാര്‍ഷ്യല്‍, സ്‌കോട്ട് മക്ടൊമിനായ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ നിലനില്‍പ്പ് ഭീഷണിയിലായി.
30-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഒരുക്കിയ അവസരം മാര്‍ഷ്യല്‍ ഗോളാക്കി മാറ്റി. പന്ത് കൈവശം വെച്ച് കളിക്കാന്‍ സിറ്റി ശ്രമിച്ചെങ്കിലും യുണൈറ്റഡ് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോള്‍ അകന്നു. അധിക സമയത്തിന്റെ ആറാം മിനിറ്റില്‍ മക്ടൊമിനായ് യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി.
ജയത്തോടെ 29 മത്സരങ്ങളില്‍ നിന്ന് 45 പോയന്റുമായി യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുണ്ട്. 28 കളികളില്‍ നിന്ന് 57 പോയന്റുമായി സിറ്റി രണ്ടാമതും.
Content Highlights: Manchester United Beats City