Photo: Getty Images
മാഞ്ചെസ്റ്റര്‍: തുടര്‍ച്ചയായ ഏഴാം വിജയവുമായി കുതിപ്പ് തുടര്‍ന്ന് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. എഫ്.എ കപ്പ് ഫുട്ബോളിന്റെ മൂന്നാം റൗണ്ടില്‍ എവര്‍ട്ടണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് യുണൈറ്റഡ് നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. എല്ലാ ലീഗുകളിലുമായി യുണൈറ്റഡിന്റെ തുടര്‍ച്ചയായ ഏഴാം വിജയമാണിത്.
സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ടീമിന് തുണയായത്. ഒരു ഗോളടിക്കുകയും രണ്ട് ഗോളിന് വഴിവെയ്ക്കുകയും ചെയ്ത റാഷ്ഫോര്‍ഡാണ് മത്സരത്തിലെ താരം. യുണൈറ്റഡിനായി ആന്റണിയും റാഷ്ഫോര്‍ഡും വലകുലുക്കിയപ്പോള്‍ കോണോര്‍ കോഡിയുടെ സെല്ഫ്് ഗോളും ടീമിന് തുണയായി. കോഡി തന്നെയാണ് എവര്‍ട്ടണിനായി ആശ്വാസഗോള്‍ നേടിയത്.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ യുണൈറ്റഡ് മുന്നിലെത്തി. റാഷ്ഫോര്‍ഡിന്റെ ക്രോസിന് കൃത്യമായി കാലുവെച്ച ആന്റണി പന്ത് വലയിലെത്തിച്ചു. എന്നാല്‍ 14-ാം മിനിറ്റില്‍ കോഡി എവര്‍ട്ടണിനായി സമനില ഗോള്‍ നേടി. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയയുടെ പിഴവില്‍ നിന്നാണ് പന്ത് വലയിലെത്തിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും 1-1 ന് സമനില പാലിച്ചു.
രണ്ടാം പകുതിയില്‍ ആക്രമണം ശക്തിപ്പെടുത്തിയ യുണൈറ്റഡ് 52-ാം മിനിറ്റില്‍ വീണ്ടും മുന്നിലെത്തി. കോഡിയുടെ സെല്‍ഫ് ഗോളാണ് ടീമിന് ലീഡ് സമ്മാനിച്ചത്. റാഷ്ഫോര്‍ഡിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടെ കോഡിയുടെ കാലില്‍തട്ടി പന്ത് വലയില്‍ കയറുകയായിരുന്നു. പിന്നാലെ മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ റാഷ്ഫോര്‍ഡ് ടീമിനായി മൂന്നാം ഗോള്‍ നേടി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് താരം ഗോള്‍ നേട്ടം ആഘോഷിച്ചത്.
പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗിന് കീഴില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടക്കത്തില്‍ തകര്‍ന്നെങ്കിലും പിന്നീട് മികച്ച പ്രകടനം പുറത്തെടുത്ത് ടീം നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്.
Content Highlights: manchester united, fa cup, fa cup third round, manchester united win, rashford, antony, erk ten hag
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..