ഗോളടിച്ച ശേഷം ആഘോഷിക്കുന്ന കാസെമിറോ | Photo: Getty Images
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്. ബൗണ്മത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ചുവന്ന ചെകുത്താന്മാര് വിജയം നേടിയത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ആഴ്സനലിനെ ന്യൂകാസില്‍ യുണൈറ്റഡ് സമനിലയില്‍ തളച്ചു.
സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ യുണൈറ്റഡിനായി മധ്യനിരതാരം കാസെമിറോ, പ്രതിരോധതാരം ലൂക്ക് ഷോ, സൂപ്പര്‍താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് എന്നിവര്‍ വലകുലുക്കി.
ഒട്ടേറെ മാറ്റങ്ങളുമായാണ് യുണൈറ്റഡിനെ പരിശീലകന് എറിക് ടെന്‍ ഹാഗ് കളത്തിലിറക്കിയത്. ഡോണി വാന്‍ ബീക്ക്, വിക്ടര്‍ ലിന്‍ഡലോഫ്, ഹാരി മഗ്വയര്‍ തുടങ്ങിയ താരങ്ങള്‍ ആദ്യ ഇലവനില്‍ ഇടം നേടി. 23-ാം മിനിറ്റില്‍ കാസെമിറോയാണ് ആദ്യം വലകുലുക്കിയത്. പിന്നാലെ 49-ാം മിനിറ്റില്‍ ലൂക്ക് ഷോയും 86-ാം മിനിറ്റില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡും ഗോളടിച്ചു. ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്.
ഈ വിജയത്തോടെ ചുവന്ന ചെകുത്താന്മാര് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് തുടരുന്നു. 17 മത്സരങ്ങളില്‍ നിന്ന് 11 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയുമടക്കം 35 പോയന്റാണ് ടീമിനുള്ളത്.
ആഴ്സനലിനെ ന്യൂകാസില്‍ യുണൈറ്റഡ് ഗോള്‍രഹിത സമനിലയില്‍ തളയ്ക്കുകയായിരുന്നു. ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സീസണില്‍ ആഴ്സനല്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം സമനിലയാണിത്. സമനില വഴങ്ങിയെങ്കിലും 17 മത്സരങ്ങളില്‍ നിന്ന് 44 പോയന്റുമായി ആഴ്സനല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ന്യൂകാസില്‍ 18 മത്സരങ്ങളില്‍ നിന്ന് 35 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
മറ്റ് മത്സരങ്ങളില്‍ ബ്രൈട്ടണ് ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് എവര്‍ട്ടണെ തകര്‍ത്തപ്പോള്‍ ഫുള്‍ഹാം എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്ററിനെ മറികടന്നു.
Content Highlights: manchester united, arsenal, epl, epl 2023, english premier league, sports news, football, manchester
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..