മാഞ്ചെസ്റ്റർ യുണൈറ്റഡ്-അത്‌ലറ്റിക്കോ മഡ്രിഡ് മത്സരത്തിൽ നിന്ന്
മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ ആദ്യപാദ മത്സരങ്ങളില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും അയാക്‌സിനും സമനില. യുണൈറ്റഡിനെ അത്‌ലറ്റിക്കോ മഡ്രിഡ് സമനിലയില്‍ തളച്ചപ്പോള്‍ തകര്‍പ്പന്‍ ഫോമിലുള്ള അയാക്‌സിനെ ബെന്‍ഫിക്ക പിടിച്ചുകെട്ടി.
അത്‌ലറ്റിക്കോയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുണൈറ്റഡിനെ 1-1 എന്ന സ്‌കോറിനാണ് ആതിഥേയര്‍ സമനിലയില്‍ പൂട്ടിയത്. ആരാധകര്‍ ഉറ്റുനോക്കിയ മത്സരത്തില്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ജാവോ ഫെലിക്‌സും യുണൈറ്റഡിന് വേണ്ടി യുവതാരം ആന്തണി എലാന്‍ഗയും ലക്ഷ്യം കണ്ടു.
യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ഏഴാം മിനിറ്റില്‍ തന്നെ അത്‌ലറ്റിക്കോ മുന്നിലെത്തി. ലോഡിയുടെ ക്രോസിന് കൃത്യമായി തലവെച്ച ജാവോ ഫെലിക്‌സ് ഗോള്‍കീപ്പര്‍ ഡി ഹിയയ്ക്ക് ഒരു സാധ്യതയും നല്‍കാതെ മികച്ച ഹെഡ്ഡറിലൂട പന്ത് വലയിലെത്തിച്ചു. താരത്തിന്റെ ഹെഡ്ഡര്‍ പോസ്റ്റിലിടിച്ച് വലയില്‍ കയറുകയായിരുന്നു. ആദ്യപകുതിയില്‍ അത്‌ലറ്റിക്കോ 1-0 ന് മുന്നില്‍ നിന്നു.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ നേടാനായി യുണൈറ്റഡ് നന്നായി ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഒടുവില്‍ 80-ാം മിനിറ്റില്‍ യുണൈറ്റഡ് ലക്ഷ്യം കണ്ടു. പകരക്കാരനായി വന്ന യുവതാരം എലാന്‍ഡ മികച്ച ഫിനിഷിലൂടെ യുണൈറ്റഡിന് സമനില സമ്മാനിച്ചു. പ്ലേ മേക്കര്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ എലാന്‍ഗ ഗോള്‍കീപ്പര്‍ ഒബ്ലക്കിനെ അനായാസം കബിളിപ്പിച്ച് പന്ത് വലയിലെത്തിച്ചു.
87-ാം മിനിറ്റില്‍ അത്‌ലറ്റിക്കോ ഗോളടിച്ചെന്ന് തോന്നിച്ചെങ്കിലും ആന്റോയിന്‍ ഗ്രീസ്മാന്റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് തെറിച്ചു. വൈകാതെ മത്സരം സമനിലയില്‍ അവസാനിച്ചു. യുണൈറ്റഡ്-അത്‌ലറ്റിക്കോ രണ്ടാം പാദമത്സരം മാര്‍ച്ച് 16 ന് നടക്കും.
അയാക്‌സും ബെന്‍ഫിക്കയും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. അയാക്‌സിനായി ഡ്യൂസന്‍ ടാഡിച്ചും സെബാസ്റ്റ്യന്‍ ഹാളറും ലക്ഷ്യം കണ്ടു. ബെന്‍ഫിക്കയ്ക്ക് വേണ്ടി റോമാന്‍ യാറെംചുക്ക് ഗോളടിച്ചപ്പോള്‍ ഹാളറുടെ സെല്‍ഫ് ഗോളും ടീമിന് തുണയായി.
18-ാം മിനിറ്റില്‍ ഡ്യൂസന്‍ ടാഡിച്ചിലൂടെ അയാക്‌സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 26-ാം മിനിറ്റില്‍ ഹാളറിന്റെ സെല്‍ഫ് ഗോളിലൂടെ ബെന്‍ഫിക്ക സമനില നേടി. ബെന്‍ഫിക്കയുടെ വെര്‍ട്ടോംഗന്റെ ക്രോസ് അബദ്ധത്തില്‍ ഹാളറുടെ കാലില്‍ തട്ടി വലയില്‍ കയറി.
എന്നാല്‍ താന്‍ വരുത്തിയ പിഴവ് ഹാളര്‍ തന്നെ തിരുത്തി. 29-ാം മിനിറ്റില്‍ ഗോളടിച്ചുകൊണ്ട് ഹാളര്‍ അയാക്‌സിന് ലീഡ് സമ്മാനിച്ചു. ഹാളറുടെ ആദ്യശ്രമം ഗോള്‍കീപ്പര്‍ വ്‌ളാച്ചോഡിമോസ് തട്ടിയെങ്കിലും രണ്ടാം ശ്രമത്തില്‍ അനായാസം ലക്ഷ്യം കണ്ട് ഹാളര്‍ ടീമിന് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ആ ലീഡ് കാത്തുസൂക്ഷിക്കാനും അയാക്‌സിന് സാധിച്ചു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച ബെന്‍ഫിക്ക വിജയത്തോളം പോന്ന സമനില നേടിയെടുത്തു. 72-ാം മിനിറ്റില്‍ ലക്ഷ്യം കണ്ട പകരക്കാരന്‍ റോമാന്‍ യാറെംചുക്കാണ് ബെന്‍ഫിക്കയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ബെന്‍ഫിക്ക-അയാക്‌സ് രണ്ടാം പാദ മത്സരവും മാര്‍ച്ച് 16 നാണ്.
Content Highlights: manchester united, athletico madrid, uefa champions league pre quarter, champions league, ajax
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..