ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിജയവും ആഴ്സണലിന് സമനിലയും. ബേണ്‍ലിയെ ഒന്നിനെതിരേ മൂന്നു ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോല്‍പ്പിച്ചപ്പോള്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ ആഴ്സണല്‍ ഫുള്‍ഹാമിനെ സമനിലയില്‍ പിടിക്കുകയായിരുന്നു.

തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ഫുള്‍ഹാമിനെതിരേ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിലാണ് ആഴ്സണല്‍ സമനില ഗോളുമായി രക്ഷപ്പെട്ടത്. മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനത്തില്‍ ഡാനി സെബയോസ്സിലൂടെ ആഴ്സണല്‍ മുന്നിലെത്തിയെങ്കിലും വാര്‍ ആഴ്സണലിന് എതിരായി. തുടര്‍ന്ന് 59-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫുള്‍ഹാം ലീഡെടുത്തു. മാരിയോ ലെമിനെയെ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ജോഷ് മഹ ലക്ഷ്യത്തിലെത്തിച്ചു. ഒടുവില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ എഡീ എന്‍കേറ്റിയയിലൂടെ ആഴ്സണല്‍ സമനില പിടിച്ചു.

മാസന്‍ ഗ്രീന്‍വുഡിന്റെ ഇരട്ടഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1ന് ബേണ്‍ലിയെ തകര്‍ക്കുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ യുണൈറ്റഡിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയമാണിത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോള്‍ പിറന്നത്. 48-ാം മിനിറ്റില്‍ റാഷ്ഫോഡിന്റെ പാസില്‍ നിന്ന് ഗ്രീന്‍വുഡ് യുണൈറ്റഡിന് ലീഡ് നല്‍കി. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ജെയിംസ് ടര്‍കോസ്‌കിയിലൂടെ ബേണ്‍ലി ഒപ്പം പിടിച്ചു. തുടര്‍ന്ന് മത്സരം സമനിലാകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഗ്രീന്‍വുഡ് രണ്ടാം ഗോളും നേടി. 84-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിയ എഡിസന്‍ കവാനിയും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആറു മത്സരങ്ങള്‍ മാത്രം ശേഷിക്കെ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ എട്ടു പോയിന്റ് മാത്രം പിന്നിലാണ് യുണൈറ്റഡ്. 56 പോയിന്റുമായി ലെസ്റ്റര്‍ സിറ്റിയാണ് മൂന്നാമത്. 46 പോയിന്റ് മാത്രമുള്ള ആഴ്സണല്‍ ഒമ്പതാം സ്ഥാനത്താണ്.

Content Highlights: Manchester United Arsenal EPL 2021 Football