ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പുതിയ പരിശീലകനായി റാള്‍റ് റാഗ്നിക് എത്തുന്നു. ഇടക്കാല പരിശീലകനായാണ് റാള്‍ഫിനെ നിയമിച്ചതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഔദ്യോഗികമായി അറിയിച്ചു. ഈ സീസണ്‍ അവസാനിക്കുന്നതു വരെയാണ് (ആറു മാസം) കരാര്‍. 2022 മെയ് അവസാനത്തോടെ കരാര്‍ അവസാനിക്കും. അതിനുശേഷം ക്ലബ്ബിന്റെ കണ്‍സള്‍ട്ടന്റ് റോളില്‍ റാള്‍ഫ് തുടരും.

ഒലെ ഗണ്ണര്‍ സോള്‍ഷ്യറിന് പകരക്കാരനായാണ് റാള്‍ഫ് എത്തുന്നത്. യുണൈറ്റഡിനൊപ്പം ചേരുന്നതില്‍ ആവേശഭരിതനാണെന്നും ഇത് ഒരു വിജയകരമായ സീസണാക്കി മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റാള്‍ഫ് വ്യക്തമാക്കി. 

ജര്‍മന്‍ ക്ലബ്ബുകളായ ഹാനോവര്‍, ഷാല്‍ക്കെ, ഹൊഫെന്‍ഹൈം, ലൈപ്‌സീഗ് എന്നിവയെ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവില്‍ ലോക്കോമോട്ടീവ് മോസ്‌കോയുടെ സ്‌പോര്‍ട് ആന്റ് ഡെവലപ്‌മെന്റ് ഹെഡ് ആണ് 63-കാരന്‍. 2011-ല്‍ ഷാല്‍ക്കെയെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ വരെയെത്തിച്ചു. 

ലീഗില്‍ മോശം ഫോമില്‍ തുടരുന്ന യുണൈറ്റഡ് 13 മത്സരങ്ങളില്‍ അഞ്ചു വിജയവുമായി എട്ടാം സ്ഥാനത്താണ്. 18 പോയിന്റാണ് ക്ലബ്ബിന്റെ അക്കൗണ്ടില്‍ ആകെയുള്ളത്.

Content Highlights: Manchester United appoint Ralf Rangnick as interim manager