ടൂറിന്‍: യൂറോപ്പ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനും ടോട്ടനത്തിനും വിജയം. എന്നാല്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്‌സനലും ലെസ്റ്ററും സമനില വഴങ്ങി. ആദ്യപാദ മത്സരങ്ങളാണ് അവസാനിച്ചത്. 

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് വമ്പന്മാരായ റയല്‍ സോസിഡാഡിനെയാണ് കീഴടക്കിയത്. എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ടീമിനായി മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ഡാനിയേല്‍ ജെയിംസും സ്‌കോര്‍ ചെയ്തു. അടുത്ത പാദ മത്സരം ഫെബ്രുവരി 26 ന് നടക്കും. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി തോല്‍വികള്‍ വഴങ്ങിയ ടോട്ടനം ഉശിരന്‍ പ്രകടനം കാഴ്ചവെച്ചു. വോള്‍വ്‌സ്‌ബെര്‍ഗിനെയാണ് ടോട്ടനം കീഴക്കിയത്. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ടോട്ടനത്തിനായി സണ്‍ ഹ്യൂങ് മിന്‍, ഗരെത് ബെയ്ല്‍, ലൂക്കാസ് മോറ, കാര്‍ലോസ് വിനീഷ്യസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ വോള്‍വ്‌സ്‌ബെര്‍ഗിനായി ലിയെന്‍ഡില്‍ ആശ്വാസ ഗോള്‍ നേടി. 

താരതമ്യേന ദുര്‍ബലരായ സ്ലാവിയ പ്രാഹയോടാണ് ലെസ്റ്റര്‍ ഗോള്‍രഹിത സമനില വഴങ്ങിയത്. ശരാശരി പ്രകടനം മാത്രമാണ് ടീം പുറത്തെടുത്തത്. ആഴ്‌സനല്‍ ബെന്‍ഫിക്കയോടെ സമനില വഴങ്ങി. ഇരുടീമുകളും ഓരോ ഗോളുകള്‍ നേടി പിരിഞ്ഞു. ബെന്‍ഫിക്കയ്ക്ക് വേണ്ടി 55-ാം മിനിട്ടില്‍ പിസ്സി ഗോള്‍ നേടിയപ്പോള്‍ ആഴ്‌സനലിന് വേണ്ടി ബുക്കായോ സാക്ക സമനില ഗോള്‍ നേടി.

Content Highlights: Manchester United and Tottenham Hotspur celebrates victory in Europa league