പാരിസ്: ചാമ്പ്യന്‍സ് ലീഗ് ഇന്ന് തകര്‍പ്പന്‍ മത്സരങ്ങള്‍ക്ക് വേദിയാകും. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, പി.എസ്.ജി, ബാര്‍സലോണ, യുവന്റസ്, ചെല്‍സി എന്നീ വമ്പന്മാര്‍ ഇന്ന് കളിക്കും. അതില്‍ യുണൈറ്റഡിനും പി.എസ്.ജിയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.

ഗ്രൂപ്പ് എച്ചിലാണ് യുണൈറ്റഡും പി.എസ്.ജിയുമുള്ളത്. ഇവര്‍ക്കൊപ്പമുള്ള മറ്റ് രണ്ട് ടീമുകള്‍ ലെയ്പ്‌സിഗും ഈസ്താംബുള്‍ ബസക്‌സെഹിറുമാണ്. നിലവില്‍ അഞ്ചുമത്സരങ്ങളില്‍ നിന്നും 9 പോയന്റ് വീതമുള്ള യുണൈറ്റഡും പി.എസ്.ജിയും ലെയ്പ്‌സിഗും തുല്യ ശക്തികളായി ഗ്രൂപ്പില്‍ തുടരുകയാണ്. എന്നാല്‍ ഗോള്‍വ്യത്യാസത്തില്‍ യുണൈറ്റഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഇന്ന് സമനില നേടിയാല്‍ യുണൈറ്റഡിനും പി.എസ്.ജിയ്ക്കും പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. യുണൈറ്റഡ് ലെയ്പ്‌സിഗിനെയും പി.എസ്.ജി ബസക്‌സെഹിറിനെയും നേരിടും. 

ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ലെയ്പ്‌സിഗിനെ യുണൈറ്റഡ് എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. പി.എസ്.ജിയും ആദ്യം മത്സരിച്ചപ്പോള്‍ ബസെക്‌സെഹിറിനെ തോല്‍പ്പിച്ചിരുന്നു.

ഗ്രൂപ്പ് എച്ചില്‍ നിന്നും ബാര്‍സയും യുവന്റസും നേരത്തേ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു. ആദ്യപാദത്തില്‍ ടൂറിനില്‍ ബാഴ്‌സ യുവന്റസിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, അന്ന് കോവിഡ് രോഗബാധിതനായിരുന്ന ക്രിസ്റ്റ്യാനോ കളിച്ചില്ല. 2018-ല്‍ ക്രിസ്റ്റ്യാനോ റയല്‍ മഡ്രിഡ് വിട്ടശേഷം ഇരുതാരങ്ങളും പരസ്പരം കളിച്ചിട്ടില്ല. ലാലിഗയില്‍ ബാഴ്‌സയ്ക്കും സീരി എയില്‍ യുവന്റസിനും ആധിപത്യം നഷ്ടമായിരിക്കുകയാണിപ്പോള്‍. സീസണില്‍ ക്രിസ്റ്റ്യാനോ ഒമ്പത് കളിയില്‍ 10 ഗോള്‍ നേടി. മെസ്സി 13 കളിയില്‍ ഏഴ് തവണ സ്‌കോര്‍ ചെയ്തു. നിലവില്‍ ഗ്രൂപ്പില്‍ അഞ്ചുമത്സരങ്ങളും വിജയിച്ച ബാര്‍സയാണ് ഒന്നാമത്. അഞ്ചില്‍ നാലുമത്സരങ്ങള്‍ വിജയിച്ച യുവന്റസ് രണ്ടാമതും. 

ഗ്രൂപ്പ് ഇ യില്‍ ചെല്‍സി ഇന്ന് ക്രസ്‌നോഡറിനെ നേരിട്ടും. നേരത്തേ ഗ്രൂപ്പില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക് ചെല്‍സി യോഗ്യത നേടിക്കഴിഞ്ഞു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സെവിയ്യ റെന്നെസിനെ നേരിടും

Content Highlights: Manchester United and PSG will play for a crucial game in Champions League