Photo: Getty Images
ലണ്ടന്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ന്യൂകാസില്‍ യുണൈറ്റഡും കാറബാവോ കപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. യുണൈറ്റഡ് ചാള്ട്ടണെയും ന്യൂകാസില്‍ ലെസ്റ്റര്‍ സിറ്റിയെയും പരാജയപ്പെടുത്തി.
യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചുവന്ന ചെകുത്താന്മാരുടെ വിജയം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് പരിശീലകന് എറിക് ടെന്‍ ഹാഗ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്. യുണൈറ്റഡിനായി സൂപ്പര്‍ താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് പകരക്കാരനായി വന്ന് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ആന്റണിയും വലകുലുക്കി. 21-ാം മിനിറ്റില്‍ ആന്റണിയിലൂടെയാണ് യുണൈറ്റഡ് മുന്നിലെത്തിയത്. 90-ാം മിനിറ്റിലും ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റിലും ഗോളടിച്ച് റാഷ്ഫോര്‍ഡ് ടീമിന് സെമി ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുത്തു. വിവിധ ലീഗുകളിലായി യുണൈറ്റഡിന്റെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്.
ന്യൂകാസില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലെസ്റ്ററിനെ വീഴ്ത്തിയത്. ഡാന്‍ ബേണും ജോയലിന്റണും ടീമിനായി ലക്ഷ്യം കണ്ടു. ഇരുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂകാസില്‍ കാറബാവോ കപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. 1976-ലാണ് ടീം അവസാനമായി സെമി ഫൈനല്‍ കളിച്ചത്.
ഇന്ന് നടക്കുന്ന മറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ മാഞ്ചെസ്റ്റര്‍ സിറ്റി സതാംപ്ടണെയും വോള്‍വ്സ് നോട്ടിങ്ങാം ഫോറസ്റ്റിനെയും നേരിടും.
Content Highlights: manchester united, newcastle united, carabao cu, efl football, efl cup, rashford, antony, football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..