ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫോമിലേക്ക് തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍. കരുത്തരായ ആഴ്‌സനലിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ലിവര്‍പൂള്‍ വിജയമാഘോഷിച്ചത്. മറ്റൊരു മത്സരത്തില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബ്രൈട്ടണെ കീഴടക്കിയപ്പോള്‍ ടോട്ടനം ന്യൂ കാസിലിനോട് സമനില വഴങ്ങി

ആഴ്‌സനലിന്റെ തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍വെച്ച് നടന്ന മത്സരത്തില്‍ ലിവര്‍പൂളിനായി യോട്ട രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മൂന്നാം ഗോള്‍ സൂപ്പര്‍താരം മുഹമ്മദ് സല സ്വന്തമാക്കി. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും ടീമിന് സാധിച്ചു. 

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ചാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ബ്രൈട്ടണെ കീഴടക്കിയത്. യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് 13-ാം മിനിട്ടില്‍ ഡാലി വെല്‍ബെക്കിലൂടെ ബ്രൈറ്റണ്‍ മുന്നിലെത്തി. ആദ്യപകുതിയില്‍ ടീം 1-0 ന് മുന്നിലായിരുന്നു. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ചുവന്ന ചെകുത്താന്മാര്‍ 62-ാം മിനിട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് ടീമിനായി ഗോള്‍ നേടിയത്. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നാണ് ഗോള്‍ പിറന്നത്. പിന്നാലെ 83-ാം മിനിട്ടില്‍ പോള്‍ പോഗ്ബ നല്‍കിയ പാസ് ഹെഡ്ഡ് ചെയ്ത് വലയിലെത്തിച്ച് യുവതാരം മേസണ്‍ ഗ്രീന്‍വുഡ് ടീമിനായി വിജയം സമ്മാനിച്ചു.

ഈ വിജയത്തോടെ യുണൈറ്റഡ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 30 മത്സരങ്ങളില്‍ നിന്നും 60 പോയന്റാണ് ടീമിനുള്ളത്. 31 മത്സരങ്ങളില്‍ നിന്നും 74 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റിയാണ് പട്ടികയില്‍ മുന്നില്‍.

കരുത്തരായ ടോട്ടനത്തെ ന്യൂകാസിലാണ് സമനിലയില്‍ പൂട്ടിയത്. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി പിരിഞ്ഞു. 28-ാം മിനിട്ടില്‍ ജോയലിന്‍ടണിലൂടെ ന്യൂകാസിലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 30-ാം മിനിട്ടില്‍ ടോട്ടനത്തിനായി നായകന്‍ ഹാരി കെയ്ന്‍ സമനില ഗോള്‍ നേടി. നാലുമിനിട്ടുകള്‍ക്ക് ശേഷം വീണ്ടും സ്‌കോര്‍ ചെയ്ത് കെയ്ന്‍ ടീമിന് 2-1 ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്‍ കളിയവസാനിക്കാനിരിക്കേ 85-ാം മിനിട്ടില്‍ ഗോള്‍ നേടി വില്ലോക്ക് ന്യൂകാസിലിനായി സമനില ഗോള്‍ നേടി. ഈ സമനിലയോടെ ടോട്ടനം അഞ്ചാം സ്ഥാനത്തും ന്യൂകാസില്‍ 17-ാം സ്ഥാനത്തും തുടരുന്നു.

Content Highlights: Manchester United and Liverpool celebrates victory in English premier league