ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന മത്സരത്തിലെ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലേക്ക് യോഗ്യത നേടി ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും. വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപ്പിച്ചായിരുന്നു ചെൽസി ചാമ്പ്യൻസ് ലീഗ് ടിക്കറ്റെടുത്തത്. ഇതേ സ്കോറിന് യുണൈറ്റഡ് ലെസ്റ്റർ സിറ്റിയേയും പരാജയപ്പെടുത്തി.

നേരത്തെ തന്നെ ഒന്നാം സ്ഥാനത്തുള്ള ലിവർപൂളും രണ്ടാം സ്ഥാനക്കാരയ മാഞ്ചസ്റ്റർ സിറ്റിയും യോഗ്യത നേടിയിരുന്നു. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി യുണൈറ്റഡും ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മിലായിരുന്നു മത്സരം. വിജയത്തോടെ 38 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്ത് ലീഗ് അവസാനിപ്പിച്ചു. ഇതേ പോയിന്റുള്ള ചെൽസി നാലാം സ്ഥാനത്തെത്തി. 62 പോയിന്റുള്ള ലെസ്റ്റർ സിറ്റിക്ക് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അതേസമയം പ്രീമിയർ ലീഗിലെ മറ്റൊരു കരുത്തരായ ആഴ്സണലിന് എട്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു.

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ചെൽസിയുടെ രണ്ടു ഗോളുകളും വന്നത്. മാസോൺ മൗണ്ടും ഒളിവർ ജിറൗഡുമായിരുന്നു ഗോൾ സ്കോറർമാർ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 71-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന് ലീഡ് നൽകിയത്. 98-ാം മിനിറ്റിൽ ജെസ്സി ലിൻഗാർഡും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. 94-ാം മിനിറ്റിൽ ജോണി ഇവാൻസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ലെസ്റ്റർ മത്സരം പൂർത്തിയാക്കിയത്.

മറ്റു മത്സരങ്ങളിൽ ലിവർപൂൾ 3-1ന് ന്യൂകാസിലിനേയും ആഴ്സണൽ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് വാറ്റ്‌ഫോര്‍ഡിനേയും തോൽപ്പിച്ചു. നോർവിച്ച് സിറ്റിക്കെതിരേ എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. ക്രിസ്റ്റൽ പാലസും ടോട്ടൻഹാമും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ എവർട്ടണെ ബൗൺമൗത്ത് 3-1ന് പരാജയപ്പെടുത്തി.

Content Highlights: Manchester United and Chelsea, confirm Champions League spots with victories in final, Premier League matches