മിലാന്‍: ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡും ആഴ്‌സനലും യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടുപാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ആഴ്‌സനല്‍ ഒളിമ്പ്യാക്കോസിനെയും യുണൈറ്റഡ് എ.സി.മിലാനെയും കീഴടക്കി. എന്നാല്‍ മറ്റൊരു മുന്‍നിര ക്ലബ്ബായ ടോട്ടനം തോല്‍വി വഴങ്ങി ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. 

എ.സി.മിലാനെതിരായ രണ്ടാംപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. 48-ാം മിനിറ്റിൽ പോള്‍ പോഗ്ബയാണ് വിജയഗോള്‍ നേടിയത്. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് കണ്ടെത്തിയ പോഗ്ബ അത് വലയിലെത്തിച്ച് ടീമിനെ അവസാന എട്ടില്‍ എത്തിച്ചു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സനും താരമായി.

ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1 എന്ന സ്‌കോറിന് വിജയിച്ച് ചുവന്ന ചെകുത്താന്മാര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

രണ്ടാംപാദ മത്സരത്തില്‍ തോല്‍വി വഴങ്ങിയിട്ടും ആഴ്‌സനല്‍ അവസാന എട്ടില്‍ എത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ഒളിമ്പ്യാക്കോസ് ഗണ്ണേഴ്‌സിനെ കീഴടക്കിയത്. പക്ഷേ ആദ്യപാദത്തില്‍ 3-1 ന് വിജയിച്ചതിന്റെ ബലത്തില്‍ ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറി. 51-ാം മിനിട്ടില്‍ യൂസെഫ് എല്‍ അറബിയാണ് ടീമിനായി വിജയഗോള്‍ നേടിയത്. എന്നിട്ടും ക്വാര്‍ട്ടറില്‍ കയറാന്‍ ഒളിമ്പ്യാക്കോസിന് സാധിച്ചില്ല. 

താരതമ്യേന ദുര്‍ബലരായ ഡൈനമോ സാഗ്രെബിനോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയാണ് ടോട്ടനം പുറത്തായത്. മിസ്ലാവ് ഓര്‍സിച്ചിന്റെ ഹാട്രിക്ക് മികവിലാണ് ഡൈനമോ ടോട്ടനത്തെ അട്ടിമറിച്ചത്. ആദ്യപാദ മത്സരത്തില്‍ 2-0 ന് വിജയിച്ച ടോട്ടനം രണ്ടാം പാദ മത്സരത്തില്‍ തീര്‍ത്തും നിറംമങ്ങി. ബെയ്‌ലും കെയ്‌നും മോറയും ലമേലയുമെല്ലാം ഇറങ്ങിയിട്ടും ടീമിന് വിജയിക്കാനായില്ല. ഇരുപാദങ്ങളിലുമായി 3-2 ന് ടോട്ടനത്തെ കീഴടക്കി ഡൈനമോ കറുത്ത കുതിരകളായി.  

മറ്റ് മത്സരങ്ങളില്‍ യങ്‌ബോയ്‌സിനെ കീഴടക്കി അയാക്‌സും റേഞ്ചേഴ്‌സിനെ തോല്‍പ്പിച്ച് സ്ലാവിയ പ്രാഹയും ഡൈനാമോ കീവിനെ മറികടന്ന് വിയ്യാറയലും ക്വാര്‍ട്ടറിലെത്തി. 

Content Highlights: Manchester United and Arsenal cruise into the quarter finals of Europa League