ലണ്ടന്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബ്ബിന് എപ്പോഴും തന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് താരവുമായുള്ള കരാര്‍ ചൊവ്വാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം പ്രതികരിക്കുകയായിരുന്നു റൊണാള്‍ഡോ. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. 

2003 മുതല്‍ 2009 വരെ യുണൈറ്റഡിനായി കളിച്ച താരമാണ് റൊണാള്‍ഡോ. പിന്നീട് താരം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് പോകുകയായിരുന്നു. 

നിറഞ്ഞുകവിഞ്ഞ ഓള്‍ഡ് ട്രാഫഡില്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. 

അഞ്ചു തവണ ബാലണ്‍ദ്യോര്‍ ജേതാവായ റൊണാള്‍ഡോ ഇതുവരെ തന്റെ കരിയറില്‍ അഞ്ച് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, നാല് ഫിഫ ക്ലബ് ലോകകപ്പുകള്‍, ഇംഗ്ലണ്ട്, സ്‌പെയ്ന്‍, ഇറ്റലി എന്നിവിടങ്ങളിലായി ഏഴ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടെ 30 മേജര്‍ ട്രോഫികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

12 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താരം യുണൈറ്റഡ് തട്ടകത്തില്‍ തിരിച്ചെത്തുന്നത്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസില്‍ നിന്നാണ് യുണൈറ്റഡ് താരത്തെ തിരിച്ചെത്തിച്ചത്. താരത്തെ സ്വന്തമാക്കാന്‍ മുന്നിലുണ്ടായിരുന്ന നഗരവൈരികളായ മാഞ്ചെസ്റ്റര്‍ സിറ്റിയെ പിന്തള്ളിയാണ് യുണൈറ്റഡ് ക്രിസ്റ്റ്യാനോയെ സ്വന്തമാക്കിയത്. ആഴ്ചയില്‍ 4.84 കോടി രൂപയാകും പ്രതിഫലമായി നല്‍കുക. യുവന്റസിന് 242 കോടിയോളം രൂപ യുണൈറ്റഡ് നല്‍കും.

Content Highlights: Manchester United always has a special place in my heart Cristiano Ronaldo