photo: twitter/Manchester United
ബാങ്കോക്ക്: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി ചുമതലയേറ്റ ശേഷമുളള ആദ്യ മത്സരം തന്നെ ഗംഭീരമാക്കി എറിക് ടെന്‍ ഹാഗ്. പ്രീ-സീസണ് ഫ്രണ്ട്ലി മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡ് ലിവര്‍പൂളിനെ തകര്‍ത്തത്.
മികച്ച അക്രമണങ്ങളുമായാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കളി തുടങ്ങിയത്. ആദ്യ പകുതി തന്നെ ചെമ്പടയെ തകര്‍ത്തെറിയാന്‍ യുണൈറ്റഡിനായി. മത്സരത്തിന്റെ 12-ാം മിനിറ്റില്‍ തന്നെ ജേഡന്‍ സാഞ്ചോയിലൂടെ യുണൈറ്റഡ് മുന്നിലെത്തി. 30-ാം മിനിറ്റില്‍ ഫ്രഡ് യുണൈറ്റഡിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. മൂന്ന് മിനിറ്റുകള്‍ക്ക് ശേഷം ആന്തണി മാര്‍ഷ്യലും ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ മുഹമ്മദ് സല, തിയോഗോ അല്ക്കാന്റ്ര അടക്കമുളള താരങ്ങളെ കളത്തിലിറക്കിയെങ്കിലും ചെമ്പടയ്ക്ക് ഗോള്‍ കണ്ടെത്താനായില്ല. 76-ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ഫാക്കുണ്ടൊ പെല്ലിസ്ട്രിയും വലകുലുക്കിയതോടെ ലിവര്‍പൂളിന്റെ പതനം സമ്പൂര്‍ണമായി.
മികച്ച പ്രസ്സിംഗ് ഗെയിം കളിക്കുന്ന യുണൈറ്റഡ് ടീമിനേയാണ് മൈതാനത്ത് കാണാനായത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമായിരുന്നു ചുവന്ന ചെകുത്താന്മാരുടേത്. പുതിയ പരിശീലകന് എറിക് ടെന്‍ ഹാഗില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെച്ച് പുലര്‍ത്തുന്നത്. മികച്ച ടീമിനെ വാര്‍ത്തെടുക്കാനുളള പരിശ്രമത്തിലാണ് ടെന്‍ ഹാഗ്.
കഴിഞ്ഞ സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചിരുന്നില്ല. ആഗസ്റ്റില്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായി നിരവധി പ്രീ-സീസണ് മത്സരങ്ങള്‍ യുണൈറ്റഡ് കളിക്കുന്നുണ്ട്. തുടക്കം തന്നെ മികച്ച രീതിയില്‍ കളിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍.
ഫ്രാങ്ക് ഡി ജോങ്, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാന്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ശ്രമം ആരംഭിച്ചുകഴിഞ്ഞു. പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ തുടരുമെന്ന് ടെന്‍ ഹാഗ് വ്യക്തമാക്കി കഴിഞ്ഞു. ടെന്‍ ഹാഗിന് കീഴില്‍ അടുത്ത സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുണൈറ്റഡ് ആരാധകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..