-
ലണ്ടൻ: കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൻ വിജയം ആഘോഷിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ഗ്രൗണ്ടിന് പുറത്തെ പോരാട്ടത്തിലും വിജയം. സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ യുവേഫ ഏർപ്പെടുത്തിയിരുന്ന രണ്ടു വർഷത്തെ വിലക്ക് കായിക തർക്ക പരിഹാര കോടതി റദ്ദാക്കി. ഇതോടെ അടുത്ത രണ്ടു വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിലും സിറ്റിക്ക് കളി തുടരാം.
യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്ന ഫിനാൻഷ്യൽ ഫെയർപ്ലേ ചട്ടങ്ങൾ ലംഘിച്ചതിനും യുവേഫയെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് സിറ്റിക്ക് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബ് ചാമ്പ്യൻഷിപ്പായ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഈ വർഷം ആദ്യം വിലക്ക് വന്നത്. ഇതിനെതിരേ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരിഗണിച്ച കായിക തർക്ക പരിഹാര കോടതി സിറ്റിക്ക് അനുകൂലമായി വിധി പറഞ്ഞു.
വിലക്കിനൊപ്പം യുവേഫ നേരത്തെ ഏർപ്പെടുത്തിയിരുന്ന അത്രയും തുക പിഴ അടയ്ക്കേണ്ടതില്ലെന്നും കോടതി വിധിച്ചു. 30 മില്ല്യൺ യൂറോ ആയിരുന്നു യുവേഫ ഏർപ്പെടുത്തിയിരുന്ന പിഴശിക്ഷ. എന്നാൽ അത് 10 മില്ല്യൺ യൂറോ ആയി കോടതി ഇളവ് ചെയ്തു. യുവേഫയുമായി സഹകരിക്കുന്നതിൽ സിറ്റി വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയ കോടതി ഈ കാരണത്താലാണ് പിഴശിക്ഷ ഇളവു ചെയ്തെങ്കിലും നിലനിർത്തിയത്. അതേസമയം സ്പോൺസർഷിപ്പിലൂടെ ലഭിക്കുന്ന വരുമാനം പെരുപ്പിച്ചുകാട്ടി മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ തെറ്റിച്ചെന്ന യുവേഫയുടെ കണ്ടെത്തൽ ശരിയല്ലെന്ന് കോടതി വിധിച്ചു.
നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സിറ്റി. അതേസമയം നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് സിറ്റി. ഓഗസ്റ്റ് എട്ടിന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.
2018 നവംബറിൽ സിറ്റിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ജർമൻ മാഗസിനായ 'ദെർ സ്പീഗൽ' ആണ് പുറത്തുവിട്ടത്. 2012-2016 കാലയളവിൽ സിറ്റിയുടെ പല ഇടപാടുകളും യുവേഫയുടെ ചട്ടങ്ങൾ ലംഘിച്ചാണ് നടത്തിയതെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് യുവേഫ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അബുദാബി രാജകുടുംബാംഗം ഷെയ്ഖ് മൻസൂറിന്റെ ഉടമസ്ഥതയിലുള്ള അബുദാബി യുണൈറ്റഡ് ഗ്രൂപ്പാണ് സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ ഉടമകൾ. യു.എ.ഇ വിമാനക്കമ്പനിയായ ഇത്തിഹാദ് ആണ് ടീമിന്റെ പ്രധാന സ്പോൺസർമാർ.
Content Highlights: Manchester Citys, two year Champions League ban lifted by Cas
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..