ലണ്ടന്‍: എഫ്.എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ വിജയം. മൂന്നാം റൗണ്ടില്‍ വെസ്റ്റ്ഹാമിനെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തിയത്. 

33-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് യായ ടുറെ സിറ്റിയുടെ ആദ്യ ഗോള്‍ നേടി. ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഹവാര്‍ഡ് നോര്‍ദ്‌വെയ്റ്റിന്റെ സെല്‍ഫ് ഗോള്‍ സിറ്റിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടു മിനിറ്റിന് ശേഷം വീണ്ടും സിറ്റി വെസ്റ്റ്ഹാമിനെ ഞെട്ടിച്ചു. ഇത്തവണ ഡേവിഡ് സില്‍വയായിരുന്നു സ്‌കോറര്‍. 

50-ാം മിനിറ്റില്‍ സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോ മാഞ്ചസ്റ്റര്‍ സിറ്റിയുടെ നാലാം ഗോളും നേടി. ഇതോടെ സിറ്റി വിജയമുറപ്പിക്കുകയായിരുന്നു. കളി അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെ ജോണ്‍ സ്‌റ്റോണ്‍സിലൂടെ സിറ്റി ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.