മാഞ്ചെസ്റ്റര്‍: 2020-2021 സീസണിലെ പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചെസ്റ്റര്‍ സിറ്റിക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയതോടെയാണ് സിറ്റി കിരീടം ഉറപ്പാക്കിയത്. 

ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ കഴിഞ്ഞ അഞ്ചു സീസണുകളില്‍ സിറ്റിയുടെ മൂന്നാം പ്രീമിയര്‍ ലീഗ് കിരീടമാണിത്. അവസാന 10 സീസണുകളില്‍ അഞ്ചാമത്തേതും. 

ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ തോല്‍വി. ഈ പരാജയത്തോടെ ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാലും യുണൈറ്റഡിന് സിറ്റിയെ മറികടക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായി. 35 റൗണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഒന്നാമതുള്ള സിറ്റിക്ക് 80 പോയന്റും രണ്ടാമതുള്ള യുണൈറ്റഡിന് 70 പോയന്റുമാണുള്ളത്.

ഈ സീസണില്‍ സിറ്റിയുടെ രണ്ടാം കിരീടമാണിത്. നേരത്തെ ടോട്ടനത്തെ തോല്‍പ്പിച്ച് സിറ്റി ലീഗ് കപ്പ് സ്വന്തമാക്കിയിരുന്നു. ഇനി ചെല്‍സിക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണ് സിറ്റിയുടെ ലക്ഷ്യം.

Content Highlights: Manchester City win Premier League 2020-21 title after United lose to Leicester City