പാരീസ്: ചാമ്പ്യന്‍സ് ലീഗിലെ ഹെവിവെയ്റ്റ് പോരാട്ടത്തില്‍ ഇന്ന് രാത്രി 12.30-ന് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റിയെ നേരിടും. പി.എസ്.ജി.യുടെ ഗ്രൗണ്ടിലാണ് മത്സരം. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ ബെല്‍ജിയന്‍ ടീമായ ക്ലബ്ബ് ബ്രുഗ്ഗെയോട് (1-1) അപ്രതീക്ഷിത സമനില വഴങ്ങേണ്ടിവന്ന പി.എസ്.ജി. തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

മെസ്സി, നെയ്മര്‍, കൈലിയന്‍ എംബാപ്പെ എന്നീ ലോകോത്തര താരങ്ങളെ അണിനിരത്തി ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പി.എസ്.ജി. സ്വന്തം ഗ്രൗണ്ടില്‍ എല്ലാ മികവും പുറത്തെടുക്കുമെന്ന് ഉറപ്പ്. പരിക്കിലായിരുന്ന മെസ്സി ചൊവ്വാഴ്ച തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജര്‍മന്‍ ടീമായ റെഡ്ബുള്‍ ലെയ്പ്സിഗിനെ ആദ്യ മത്സരത്തില്‍ 6-3 തോല്‍പ്പിച്ചാണ് മാഞ്ചെസ്റ്റര്‍ സിറ്റി എത്തുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ രാത്രി 12.30-ന് ലെയ്പ്സിഗ് ക്ലബ്ബ് ബ്രുഗ്ഗെയെ നേരിടും.

ഗ്രൂപ്പ് ബിയില്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂള്‍ രാത്രി 12.30-ന് പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയെ നേരിടും. പ്രീമിയര്‍ ലീഗില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന ലിവര്‍പൂള്‍ ആദ്യ മത്സരത്തില്‍ എ.സി. മിലാനെ 3-1 ന് തോല്‍പ്പിച്ചിരുന്നു.

ഗ്രൂപ്പ് ഡിയില്‍, സ്പാനിഷ് ടീം റയല്‍ മഡ്രിഡ് രാത്രി 12. 30-ന് മാള്‍ഡോവന്‍ ക്ലബ്ബായ ഷെരിഫിനെ നേരിടും.

ഗ്രൂപ്പ് ബിയിലെ കരുത്തരുടെ പോരാട്ടത്തില്‍ സ്പാനിഷ് ടീം അത്ലറ്റിക്കോ മഡ്രിഡ് രാത്രി 12-30 ന് ഇറ്റാലിയന്‍ ടീമായ എ.സി. മിലാനെ നേരിടും. രാത്രി 10.15-ന് അയാക്‌സ് ബെസിറ്റാക്‌സിനെയും ഇന്റര്‍ മിലാന്‍ ഷാക്തര്‍ ഡൊണെറ്റ്സ്‌കിനെയും എതിരിടും.

Content Highlights: Manchester City vs PSG Champions league 2021-22