Photo: twitter.com|premierleague
ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ് ലിവര്‍പൂളും മാഞ്ചെസ്റ്റര്‍ സിറ്റിയും. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഓരോ മിനിട്ടിലും ആവേശം അലതല്ലിയ മത്സരത്തില്‍ നാലുഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചു. മത്സരത്തിന്റെ 59-ാം മിനിട്ടില്‍ സാദിയോ മാനെയിലൂടെ ലിവര്‍പൂളാണ് ആദ്യം ലീഡെടുത്തത്. പ്ലേ മേക്കര്‍ മുഹമ്മദ് സലയുടെ കൃത്യമായ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കയറിയ മാനെ ഗോള്‍കീപ്പര്‍ എഡേഴ്‌സണ് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിച്ചു.
എന്നാല്‍ പത്തുമിനിട്ടുകള്‍ക്ക് ശേഷം 69-ാം മിനിട്ടില്‍ മാഞ്ചെസ്റ്റര്‍ സിറ്റി തിരിച്ചടിച്ചു. ഗബ്രിയേല്‍ ജെസ്യൂസിന്റെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച് ബോക്‌സിലേക്ക് മുന്നേറിയ ഫില്‍ ഫോഡനാണ് സിറ്റിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ബോക്‌സിന്റെ ഇടതുവശത്തുനിന്നുള്ള ഫോഡന്റെ ഷോട്ട് ഗോള്‍കീപ്പര്‍ അലിസണെ മറികടന്ന് വലത്തേ പോസ്റ്റിലിടിച്ച് വലയില്‍ കയറി.
കളി സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ചെങ്കിലും 76-ാം മിനിട്ടില്‍ സമനിലപ്പൂട്ട് പൊളിച്ചുകൊണ്ട് സൂപ്പര്‍താരം മുഹമ്മദ് സല ലിവര്‍പൂളിനായി അത്ഭുത ഗോളടിച്ച് ലീഡുയര്‍ത്തി. ബോക്‌സിനകത്ത് മൂന്ന് സിറ്റി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് അതിമനോഹരമായി സല പന്ത് വലയിലെത്തിച്ചു.
സലയുടെ ഗോള്‍ പിറന്നതോടെ ഉണര്‍ന്നുകളിച്ച സിറ്റി ഒടുവില്‍ 81-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. ഇത്തവണ പ്ലേമേക്കര്‍ കെവിന്‍ ഡിബ്രുയിനെയാണ് സിറ്റിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ബോക്‌സിന് വെളിയിലേക്ക് പോയി. പന്ത് സ്വീകരിച്ച ഡിബ്രുയിനെ മികച്ച ലോങ് റേഞ്ചറിലൂടെ ഗോള്‍ നേടി. ലിവര്‍പൂള്‍ പ്രതിരോധതാരം മാറ്റിപ്പിനെ തഴുകിയാണ് പന്ത് വലയിലെത്തിയത്. ഇതുകാരണം ഗോള്‍കീപ്പര്‍ അലിസണിന്റെ കണക്കുകൂട്ടല്‍ തെറ്റി. സ്‌കോര്‍ 2-2 എന്ന നിലയിലായി.
മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ലിവര്‍പൂളിന്റെ ഫാബിന്യോയയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് സിറ്റി പ്രതിരോധതാരം റൂബന്‍ ഡയസ് രക്ഷപ്പെടുത്തി.
ഈ സമനിലയോടെ ലിവര്‍പൂള്‍ 15 പോയന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 14 പോയന്റുള്ള സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി.
Content Highlights: Manchester City vs Liverpool English Premier League 2022-2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..