പാരീസ്‌: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എ യില്‍ കരുത്തരായ പി.എസ്.ജിയ്ക്കും മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കും വിജയം. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ പി.എസ്.ജി രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ആര്‍.ബി.ലെയ്പ്‌സിഗിനെ കീഴടക്കി. സിറ്റി ക്ലബ്ബ് ബ്രഗ്ഗിനെ ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു.

പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ചാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിട്ടില്‍ തന്നെ ഗോളടിച്ച് കിലിയന്‍ എംബാപ്പെ പി.എസ്.ജിയ്ക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 28-ാം മിനിട്ടില്‍ ആന്ദ്രെ സില്‍വ ലെയ്പ്‌സിഗിന് സമനില ഗോള്‍ സമ്മാനിച്ചു. രണ്ടാം പകുതിയില്‍ 57-ാം മിനിട്ടില്‍ നോര്‍ഡി മുകിയെലെയിലൂടെ പി.എസ്.ജിയെ ഞെട്ടിച്ച് ലെയ്പ്‌സിഗ് മത്സരത്തില്‍ ലീഡെടുത്തു. 

എന്നാല്‍ പിന്നീട് തകര്‍പ്പന്‍ കളി പുറത്തെടുത്ത പി.എസ്.ജി സൂപ്പര്‍ താരം ലയണല്‍ മെസ്സിയിലൂടെ 67-ാം മിനിട്ടില്‍ സമനില നേടി. 74-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് മെസ്സി ആവേശകരമായ മത്സരത്തില്‍ ടീമിന് വിജയം സമ്മാനിച്ചു. പരിക്കുമൂലം നെയ്മര്‍ കളിച്ചില്ല. ഈ വിജയത്തോടെ പി.എസ്.ജി ഗ്രൂപ്പ് എ യില്‍ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റാണ് ടീമിനുള്ളത്. 

ക്ലബ്ബ് ബ്രഗ്ഗിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ സിറ്റി പൂര്‍ണ ആധിപത്യം പുലര്‍ത്തി. സൂപ്പര്‍ താരം റിയാദ് മെഹ്‌റെസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ ജാവോ കാന്‍സലോ, പ്രതിരോധതാരം കൈല്‍ വക്കര്‍, കോള്‍ പാല്‍മര്‍ എന്നിവരും ലക്ഷ്യം കണ്ടു. ഹാന്‍സ് വനാകെന്‍ ക്ലബ്ബ് ബ്രഗ്ഗിന്റെ ആശ്വാസ ഗോള്‍ നേടി. 

ഈ വിജയത്തോടെ സിറ്റി മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ക്ലബ്ബ് ബ്രഗ്ഗ് മൂന്നാമതാണ്. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ ലെയ്പ്‌സിഗിന് ഒരു മത്സരത്തില്‍ പോലും വിജയിക്കാനായില്ല.

Content Highlights: Manchester City trash Club Brugge and PSG celebrate victory against RB Leipzig