ലണ്ടന്‍:  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ടോട്ടന്‍ഹാമിനും വിജയം. ആസ്റ്റണ്‍ വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളിന് തോല്‍പ്പിച്ച സിറ്റി കിരീടത്തോട് കൂടുതല്‍ അടുത്തു. ആദ്യ മിനിറ്റില്‍ തന്നെ ഗോള്‍ വഴങ്ങുകയും തുടര്‍ന്ന് പത്ത് പേരായി ചുരുങ്ങിയിട്ടും മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ പൊരുതി വിജയം നേടുകയായിരുന്നു. 

മത്സരത്തിന്റെ 20-ാം സെക്കന്റില്‍ ജോണ്‍ മാക്ഗിന്നിന്റെ ഗോളില്‍ ആസ്റ്റണ്‍ വില്ല ലീഡെടുത്തു. എന്നാല്‍ 22-ാം മിനിറ്റില്‍ ഫില്‍ ഫോഡെനിലൂടെ സമനില ഗോള്‍ കണ്ടെത്തിയ സിറ്റി ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പുതന്നെ റോഡ്രിഗോയിലൂടെ മത്സരത്തില്‍ ലീഡും സ്വന്തമാക്കി.

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ജോണ്‍ സ്‌റ്റോണ്‍സും രണ്ടാം പകുതിയില്‍ ആസ്റ്റണ്‍ വില്ല താരം മാറ്റി ക്യാഷും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇരുടീമുകളും പത്തു പേരുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. 

പുതിയ പരിശീലകന് കീഴില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടന്‍ഹാമിന് വിജയത്തുടക്കം. ഇഞ്ചുറി ടൈമിലെ പെനാല്‍റ്റിയടക്കം ഒന്നിനെതിരേ രണ്ട് ഗോളിനാണ് ടോട്ടന്‍ഹാം സതാംപ്റ്റണെ തോല്‍പ്പിച്ചത്. 

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഡാനി ഇങ്‌സിന്റെ ഗോളില്‍ സതാംപ്റ്റണ്‍ ലീഡെടുത്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ഗരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില കണ്ടെത്തിയ ടോട്ടനം ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ഗോളിലൂടെ മത്സരത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. സെര്‍ജിയോ റെഗുലിനെ മൗസ ജെനെപ്പു ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. ഈ പെനാല്‍റ്റി സണ്‍ ഹ്യൂങ് മിന്‍ ലക്ഷ്യത്തിലെത്തിച്ചു. 

പരിശീലകനായിരുന്ന ഹോസെ മൗറീന്യോയെ പുറത്താക്കിയതിന് ശേഷമുള്ള ടോട്ടനത്തിന്റെ ആദ്യ മത്സരമായിരുന്നു ഇത്. പുതിയ പരിശീകനായുള്ള റയാന്‍ മേസന്റെ കീഴില്‍ നേടിയ ജയം ടോട്ടനത്തിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ സജീവമാക്കും.

Content Highlights: Manchester City Tottenham EPL 2021 Football