Photo: AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചെസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനക്കാരായിരുന്ന ആഴ്‌സണലിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്.
കളിയുടെ 24-ാം മിനിറ്റില്‍ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. ആഴ്‌സണല്‍ താരം തൊമിയാസുവിന്റെ പിഴവാണ് ഗോള്‍ വഴങ്ങുന്നതിന് കാരണമായത്. അശ്രദ്ധമായി താരം നല്‍കിയ ബാക്ക് പാസ് പിടിച്ചെടുത്ത കെവിന്‍ ഡിബ്രുയ്ന്‍ പന്ത് കൃത്യമായി വലയിലെത്തിച്ചു.
42-ാം മിനിറ്റില്‍ ഒരു പെനാല്‍റ്റിയിലൂടെ ആഴ്‌സണല്‍ ഒപ്പമെത്തി. എന്‍കെറ്റിയക്കെതിരായ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സന്റെ ഫൗളിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത ബുകായോ സാക്ക ഗണ്ണേഴ്‌സിനെ ഒപ്പമെത്തിച്ചു. പിന്നാലെ റോഡ്രിയുടെ ഒരു ഹെഡര്‍ പോസ്റ്റിലിടിച്ചതും ഒരു പെനാല്‍റ്റി അപ്പീല്‍ വാര്‍ വഴി തിരുത്തപ്പെട്ടതും ആഴ്‌സണലിന് രക്ഷയായെങ്കിലും 72-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷിന്റെ ഗോള്‍ കളി വീണ്ടും സിറ്റിക്ക് അനുകൂലമാക്കി. ഡിബ്രുയ്ന്‍, ഹാളണ്ട്, ഗുണ്ടോഗന്‍ എന്നിവര്‍ ചേര്‍ന്ന മികച്ചൊരു നീക്കമാണ് ഗോളില്‍ കലാശിച്ചത്. 82-ാം മിനിറ്റില്‍ ഡിബ്രുയ്‌ന്റെ പാസില്‍ നിന്ന് ഹാളണ്ടും സ്‌കോര്‍ ചെയ്തതോടെ ഗണ്ണേഴ്‌സിന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായില്ല.
ജയത്തോടെ 23 കളികളില്‍ നിന്ന് 51 പോയന്റുമായി സിറ്റി, ആഴ്‌സണലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറി. ആഴ്‌സണലിന് 22 കളികളില്‍ നിന്ന് 51 പോയന്റ് തന്നെയുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലാകുകയായിരുന്നു.
Content Highlights: Manchester City top of epl table after beating Arsenal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..