Photo: Getty Images
മാഞ്ചെസ്റ്റര്‍: എത്തിഹാദ് സ്റ്റേഡിയത്തില്‍ അദ്ഭുതങ്ങള്‍ കാണിക്കാന്‍ പോയിട്ട് ഒന്നനങ്ങാന്‍ പോലും റയലിനായില്ല. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ കൊണ്ടും തളയ്ക്കാന്‍ പറ്റുന്ന ടീമല്ല തങ്ങളെന്ന് തെളിയിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി ഫൈനലില്‍.
ഏകപക്ഷീയമായ സെമി ഫൈനല്‍ പോരാട്ടത്തില്‍ റയലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റിയുടെ ഫൈനല്‍ പ്രവേശനം. റയലിന്റെ മൈതാനത്ത് നടന്ന ആദ്യ പാദ സെമി 1-1ന് സമനിലയിലായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 5-1ന്റെ ജയത്തോടെ സിറ്റി കലാശപ്പോരിന്. ചാമ്പ്യന്‍സ് ലീഗില്‍ മുമ്പ് രണ്ട് തവണ റയലിനു മുന്നില്‍ കാലിടറിയ സിറ്റി ഇത്തവണ അതിനെല്ലാം കണക്ക് തീര്‍ത്തു. സിറ്റിയുടെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. ജൂണ്‍ 10-ന് രാത്രി 12.30-ന് നടക്കുന്ന കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളികള്‍.
റയലിനെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സ്വന്തം മൈതാനത്ത് സിറ്റി പുറത്തെടുത്തത്. ആദ്യ പകുതിയില്‍ പന്ത് കാര്യമായൊന്ന് തൊടാന്‍ പോലും റയല്‍ താരങ്ങള്‍ക്ക് സാധിച്ചില്ല. എര്‍ലിങ് ഹാളണ്ടിന്റെ എണ്ണം പറഞ്ഞ രണ്ട് ഹെഡറുകള്‍ തടുത്തിട്ട റയല്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ട്വാ തുടക്കത്തില്‍ കൈയടി നേടിയെങ്കിലും 23-ാം മിനിറ്റില്‍ ബെര്‍ണാര്‍ഡോ സില്‍വ കോര്‍ട്ട്വായ്ക്ക് യാതൊരു അവസരവും നല്‍കാതെ സിറ്റിയുടെ ആദ്യ ഗോള്‍ നേടി. പിന്നാലെ 37-ാം മിനിറ്റില്‍ ഒരു ഹെഡറിലൂടെ സില്‍വ സിറ്റിയുടെ ലീഡുയര്‍ത്തുകയും ചെയ്തു.
പിന്നാലെ 73-ാം മിനിറ്റില്‍ ഹാളണ്ടിന്റെ മറ്റൊരു ഉറച്ച ഗോളവസരവും കോര്‍ട്ട്വാ രക്ഷപ്പെടുത്തിയെങ്കിലും 76-ാം മിനിറ്റില്‍ മാനുവല്‍ അകാന്‍ജി സിറ്റിയുടെ മൂന്നാം ഗോള്‍ നേടി. കെവിന്‍ ഡിബ്രുയ്‌ന്റെ ഫ്രീ കിക്കില്‍ നിന്നുള്ള അകാന്‍ജിയുടെ ഹെഡര്‍ റയല്‍ ഡിഫന്‍ഡര്‍ മിലിറ്റാവോയുടെ ദേഹത്ത് തട്ടി വലയിലെത്തുകയായിരുന്നു. പിന്നാലെ പകരക്കാരനായി ഇറങ്ങിയ ജൂലിയന്‍ അല്‍വാരസ് ഇന്‍ജുറി ടൈമില്‍ സിറ്റിയുടെ ഗോള്‍ പട്ടിക തികയ്ക്കുകയും ചെയ്തു.
Content Highlights: Manchester City thrash Real Madrid to reach uefa Champions League final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..