ലണ്ടന്‍: മോഷണശ്രമം തടയാന്‍ ശ്രമിച്ച മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം ജാവോ ക്യാന്‍സലോയ്ക്ക് പരിക്ക്. ഇന്‍സ്റ്റഗ്രാമിലൂടെ ക്യാന്‍സലോ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. 

ക്യാന്‍സലോയുടെ ആഭരണങ്ങള്‍ കവരാനായി വന്ന കള്ളന്മാരെ തടയുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ക്യാന്‍സലോയെ ഇടിച്ചുവീഴ്ത്തിയ കള്ളന്മാര്‍ വിലകൂടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. 

' ജീവിതത്തില്‍ ഏറെ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണിത്. ഇതെല്ലാം പെട്ടെന്ന് മറികടക്കും. ഞാനും എന്റെ കുടുംബവും സുരക്ഷിതരാണ്. കള്ളന്മാര്‍ എന്നെ ആക്രമിച്ചു. എന്റെ ആഭരണങ്ങള്‍ മുഴുവനും കവര്‍ന്നു'- ക്യാന്‍സലോ പറഞ്ഞു. 

പോര്‍ച്ചുഗീസ് താരമായ ക്യാന്‍സലോ 2019-ലാണ് യുവന്റസില്‍ നിന്ന് മാഞ്ചെസ്റ്റര്‍ സിറ്റിയിലെത്തിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്ന ക്യാന്‍സലോ സിറ്റിയുടെ പ്രധാന താരങ്ങളിലൊരാളാണ്.

Content Highlights: Manchester City Star Joao Cancelo Was Injured In Robbery