ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കിരീടമോഹങ്ങള്‍ക്ക് തിരിച്ചടി.  നിലവിലെ ചാമ്പ്യന്‍മാരെ വോള്‍വ്‌സ് (3-2) തോല്‍പ്പിച്ചു. രണ്ടുഗോളിന് മുന്നില്‍നിന്ന ശേഷമാണ് സിറ്റിയുടെ തോല്‍വി. ഇതോടെ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളുമായുള്ള അകലം 13 പോയന്റായി. 12-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ ചുവപ്പ് വാങ്ങി പുറത്തായതോടെ പത്ത് പേരുമായാണ് സിറ്റി കളിച്ചത്. 

25-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് സിറ്റിയുടെ അക്കൗണ്ട് തുറന്നു. 50-ാം മിനിറ്റില്‍ വീണ്ടും സ്‌കോര്‍ ചെയ്ത് സ്‌റ്റെര്‍ലിങ് സിറ്റിയുടെ ലീഡുയര്‍ത്തി. 

എന്നാല്‍, അഞ്ചുമിനിറ്റിന് ശേഷം അഡാമ ട്രവോറെയിലൂടെ വോള്‍വ്‌സ് ആദ്യ ഗോള്‍ മടക്കി. 82-ാം മിനിറ്റില്‍ റൗള്‍ ജിമിനെസും 89-ാം മിനിറ്റില്‍ മാറ്റ് ദോഹെര്‍ട്ടിയും സ്‌കോര്‍ ചെയ്തതോടെ വോള്‍വ്‌സ് ജയമുറപ്പിച്ചു. 

18 മത്സരങ്ങളില്‍ 52 പോയന്റോടെ ലിവര്‍പൂളാണ് ലീഗില്‍ മുന്നില്‍. 19 കളിയില്‍ 39 പോയന്റുള്ള ലെസ്റ്റര്‍ സിറ്റി രണ്ടാമതും 38 പോയന്റുള്ള മാഞ്ചെസ്റ്റര്‍ സിറ്റി മൂന്നാമതുമാണ്. ജയത്തോടെ വോള്‍വ്‌സ് (30) അഞ്ചാം സ്ഥാനത്തേക്ക് കയറി.

Content Highlights: Manchester City's title bid in tatters