മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാനിറങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സ്വന്തം മൈതാനത്ത് തോല്‍വി. ഒന്നിനെതിരേ രണ്ടു ഗോളിന് ചെല്‍സിയാണ് സിറ്റിയെ മറികടന്നത്. നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗി ഫൈനലിന്റെ റിഹേഴ്‌സല്‍ കൂടിയായിരുന്നു ഈ മത്സരം. 

44-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. തൊട്ടുപിന്നാലെ ഗബ്രിയേല്‍ ജീസസിനെതിരായ ഫൗളിന് സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും കിക്കെടുത്ത സെര്‍ജിയോ അഗ്യൂറോയ്ക്ക് പിഴച്ചു. ഇത് പിന്നീട് മത്സരത്തില്‍ നിര്‍ണായകമാകുകയും ചെയ്തു. 

63-ാം മിനിറ്റില്‍ ഹക്കീം സിയെച്ചിലൂടെ ചെല്‍സി സമനില പിടിച്ചു. സീസര്‍ അസ്പിലിക്വെറ്റയുടെ പാസില്‍ നിന്നായിരുന്നു സിയെച്ചിന്റെ ഗോള്‍. തുടര്‍ന്ന് ഇന്‍ജുറി ടൈമില്‍ മാര്‍ക്കോ അലൊന്‍സോയിലൂടെ ചെല്‍സി വിജയ ഗോള്‍ നേടി. 

ലീഗില്‍ ഒന്നാമതുള്ള സിറ്റിക്ക് 35 മത്സരങ്ങളില്‍ നിന്ന് 80 പോയന്റാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റ് നേടുകയോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ സിറ്റിക്ക് കിരീടമുയര്‍ത്താം. 

ജയത്തോടെ ചെല്‍സി 64 പോയന്റുമായി ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.

Content Highlights: Manchester City s hopes of winning Premier League suffered a blow after defeat against Chelsea