പ്ലെസന്‍, മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനും ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ സിറ്റിക്കും തകര്‍പ്പന്‍ ജയം.

ഗ്രൂപ്പ് ജിയില്‍ നടന്ന പോരാട്ടത്തില്‍ ചെക് ടീമായ വിക്ടോറിയ പ്ലെസനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്‍മാര്‍ തോല്‍പ്പിച്ചത്. റയലിനായി കരീം ബെന്‍സേമ 200 ഗോളുകളെന്ന ചരിത്ര നേട്ടം കുറിച്ച മത്സരമായിരുന്നു വ്യാഴാഴ്ചത്തേത്. 

manchester city real madrid enjoy big champions league wins

റയലിനായി 200 ഗോളുകള്‍ നേടുന്ന ഏഴാമത്തെ താരമാണ് ബെന്‍സേമ. 428 മത്സരങ്ങളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഈ നേട്ടം. ചാമ്പ്യന്‍ ലീഗില്‍ ബെന്‍സേമയുടെ ഗോളുകളുടെ എണ്ണം 59-ല്‍ എത്തി. ഹ്യൂഗോ സാഞ്ചസ്, പുസ്‌കാസ്, കാര്‍ലോസ് സാന്റില്ലന, റൗള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരാണ് റയലിനായി 200 ഗോളുകള്‍ നേടിയിട്ടുള്ളത്.

ആദ്യ പകുതിയുടെ 20, 37 മിനിറ്റുകളിലായി ബെന്‍സേമ റയലിനായി സ്‌കോര്‍ ചെയ്തു. പിന്നാലെ 23-ാം മിനിറ്റില്‍ കാസെമിറോയും 40-ാം മിനിറ്റില്‍ ഗാരെത് ബെയ്‌ലും റയലിന്റെ ലീഡുയര്‍ത്തി. ഇതോടെ ആദ്യ പകുതിയില്‍ റയല്‍ 4-0 ന് മുന്നിലെത്തി. 67-ാം മിനിറ്റില്‍ ടോണി ക്രൂസ് റയലിന്റെ പട്ടിക തികച്ചു.

ജയത്തോടെ ഗ്രൂപ്പ് ജിയില്‍ റോമയെ മറികടന്ന് ഒന്‍പതു പോയിന്റോടെ റയല്‍ ഒന്നാമതെത്തി. റോമയ്ക്കും ഒന്‍പതു പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ റയല്‍ മുന്നിലെത്തുകയായിരുന്നു.

manchester city real madrid enjoy big champions league wins

ജീസസിന്റെ ഹാട്രിക്കില്‍ തിളങ്ങി സിറ്റി

മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗില്‍ യുക്രൈന്‍ ക്ലബ്ബ് ഷക്തറിനെതിരേ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ബ്രസീല്‍ താരം ഗബ്രിയേല്‍ ജീസസിന്റെ ഹാട്രിക്ക് മികവില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ഡേവിഡ് സില്‍വ, റഹീം സ്റ്റെര്‍ലിങ്, റിയാദ് മഹ്രെസ് എന്നിവരാണ് സിറ്റിയുടെ മറ്റു സ്‌കോറര്‍മാര്‍.

കളിയുടെ 13-ാം മിനിറ്റില്‍ തന്നെ ഡേവിഡ് സില്‍വ സിറ്റിയെ മുന്നിലെത്തിച്ചു. 24-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ജീസസിന്റെ ആദ്യ ഗോള്‍. 48-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ് സിറ്റിയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും ജീസസ് വലയിലെത്തിച്ചു. 84-ാം മിനിറ്റില്‍ റിയാദ് സിറ്റിയുടെ അഞ്ചാം ഗോള്‍ നേടിയപ്പോള്‍ ഇഞ്ചുറിടൈമില്‍ പന്ത് വലയിലാക്കി ജീസസ് ഹാട്രിക്ക് തികച്ചു.

മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും റഫറിയുടെ ഒരു വിവാദ തീരുമാനം മത്സരത്തിന്റെ നിറം കെടുത്തി. 24-ാം മിനിറ്റിലായിരുന്നു സംഭവം. ഷക്തര്‍ ബോക്‌സിലേക്ക് പന്തുമായി കുതിച്ച സ്റ്റെര്‍ലിങ് ഗോള്‍ നേടാനുള്ള ശ്രമത്തിനിടെ വീണുപോകുകയായിരുന്നു. ഇത് ഫൗളാണെന്നു തെറ്റിദ്ധരിച്ച റഫറി സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചു. 

ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. എന്നാല്‍ അത് ഫൗളാണെന്ന് തെറ്റി ധരിച്ച് റഫറി മാഞ്ചസ്റ്റര്‍ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു. ഗ്രൂപ്പ് എഫില്‍ നാല് മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി സിറ്റി മുന്നിലെത്തി. രണ്ടു പോയിന്റു മാത്രമുള്ള ഷക്തര്‍ അവസാന സ്ഥാനത്താണ്.

Content Highlights: manchester city real madrid enjoy big champions league wins