മാഞ്ചെസ്റ്റര്‍: കരുത്തരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി മാഞ്ചെസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് സിറ്റിയുടെ വിജയം. രണ്ടു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ഏപ്രില്‍ 25 ന് നടക്കുന്ന ഫൈനലില്‍ സിറ്റി ടോട്ടനത്തെ നേരിടും.

ഇരുടീമുകളും മികച്ച പ്രകടനമാണ് ആദ്യപകുതിയില്‍ കാഴ്ചവെച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ സിറ്റി കൂടുതല്‍ ആക്രമിച്ചുകളിച്ചു. ഇതിന് ഫലവുമുണ്ടായി. 50-ാം മിനിട്ടില്‍ ലഭിച്ച ഫ്രീകിക്കിലൂടെയാണ് ആദ്യ ഗോള്‍ പിറക്കുന്നത്. ഫില്‍ ഫോഡനെടുത്ത കിക്ക് പിടിച്ചെടുത്ത ജോണ്‍ സ്‌റ്റോണ്‍സ് അനായാസം പന്ത് വലയിലെത്തിച്ചു. യുണൈറ്റഡ് താരങ്ങള്‍ വേണ്ട വിധത്തില്‍ സ്റ്റോണ്‍സിനെ മാര്‍ക്ക് ചെയ്തിരുന്നില്ല.

മത്സരത്തിന്റെ 83-ാം മിനിട്ടില്‍ ഫെര്‍ണാന്‍ഡിന്യോ ടീമിനായി രണ്ടാം ഗോള്‍ നേടി. ഒരു തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെയാണ് താരം ടീമിനായി സ്‌കോര്‍ ചെയ്തത്. ഈ ഗോളോടെ സിറ്റി വിജയമുറപ്പിച്ചു. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഡീന്‍ ഹെന്‍ഡേഴ്‌സണിന്റെ തകര്‍പ്പന്‍ സേവുകളില്ലായിരുന്നെങ്കില്‍ സിറ്റി ഇതിലും മികച്ച വിജയം നേടുമായിരുന്നു.

വിവിധ ടൂര്‍ണമെന്റുകളില്‍ അവസാനം കളിച്ച നാല് സെമി ഫൈനലുകളിലും യുണൈറ്റഡ് തോല്‍വി വഴങ്ങി. ഈ തോല്‍വി പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. പ്രീമിയര്‍ ലീഗില്‍ ടീം നിലവില്‍ രണ്ടാം സ്ഥാനത്താണ് എന്ന ആശ്വാസം മാത്രമാണ് കോച്ചിനുള്ളത്. നേരത്തേ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യുണൈറ്റഡ് പുറത്തായിരുന്നു. 

Content Highlights: Manchester City outclass United in Manchester derby to reach League Cup final