Photo: twitter.com/Carabao_Cup
ലണ്ടന്‍: കാറബാവോ കപ്പ് ഫുട്ബോളില്‍ നിന്ന് നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ സതാംപ്ടണാണ് സിറ്റിയെ അട്ടിമറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സതാംപ്ടണിന്റെ വിജയം.
ഈ വിജയത്തോടെ സതാംപ്ടണ് സെമിയിലേക്ക് മുന്നേറി. രണ്ട് പാദങ്ങളിലായി നടക്കുന്ന സെമി ഫൈനലില്‍ സതാംപ്ടണ് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. സതാംപ്ടണിന്റെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്.
23-ാം മിനിറ്റില്‍ സെകൗ മാരയും 28-ാം മിനിറ്റില്‍ മൗസ ജെനെപ്പോയുമാണ് സതാംപ്ടണ് വേണ്ടി വലകുലുക്കിയത്. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ വീണതോടെ സിറ്റി പ്രതിരോധത്തിലായി. മത്സരത്തില്‍ സിറ്റിയ്ക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായിട്ടില്ല എന്നത് അത്ഭുതം ജനിപ്പിക്കുന്ന കാര്യമാണ്.
ജാക്ക് ഗ്രീലിഷ്-ജൂലിയന്‍ അല്‍വാരസ്-ഫില്‍ ഫോഡന് സഖ്യമാണ് സിറ്റിയ്ക്ക് വേണ്ടി മുന്നേറ്റനിരയില്‍ അണിനിരന്നത്. പകരക്കാരായി നഥാന്‍ അകെ, ഗോളടിയന്ത്രം എര്‍ലിങ് ഹാളണ്ട്, റോഡ്രി, മാനുവല്‍ അകാന്‍ജി എന്നിവരെ കൊണ്ടുവന്നിട്ടുപോലും സിറ്റിയ്ക്ക് ഒരു ഗോള്‍ പോലും മടക്കാനായില്ല.2014 ന് ശേഷം ആറുതവണ കാറബാവോ കപ്പ് കിരീടം നേടിയ ടീമാണ് സിറ്റി. പരിശീലകന് പെപ്പ് ഗാര്‍ഡിയോളയ്ക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടികളിലൊന്നാണിത്. ഈ ആഴ്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയ്ക്ക് ചിരവൈരികളും ഉഗ്രന്‍ ഫോമില്‍ കളിക്കുകയും ചെയ്യുന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായി മത്സരമുണ്ട്.
മറ്റൊരു സെമിയില്‍ വോള്‍വ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കി നോട്ടിങ്ങാം ഫോറസ്റ്റും സെമി ഫൈനലിലേക്ക് മുന്നേറി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് ടീമിന്റെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. ഫോറസ്റ്റിനായി വില്ലി ബോളിയും വോള്‍വ്സിനായി റൗള്‍ ഹിമിനെസും വലകുലുക്കി.
ഇതോടെ സെമി ഫൈനല്‍ ലൈനപ്പ് തെളിഞ്ഞു. ആദ്യ സെമിയില്‍ ന്യൂകാസില്‍ യുണൈറ്റഡ് സതാംപ്ടണെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് നോട്ടിങ്ങാം ഫോറസ്റ്റിനെതിരേ കളിക്കും.
Content Highlights: manchester city, carabao cup 2023, southampton, manchester city vs southampton, sports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..