ലണ്ടൻ: മിന്നുന്ന ഫോമിൽ കളിക്കുന്ന മധ്യനിരതാരം ഫിൽ ഫോഡനെ മൂന്നിരട്ടി വേതനവർധനയോടെ നിലനിർത്താനൊരുങ്ങി മാഞ്ചെസ്റ്റർ സിറ്റി. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർഫൈനലിലടക്കം ഗോളുകൾ കണ്ടെത്തിയ 20-കാരൻ താരം സീസണിൽ ഇതുവരെ 13 ഗോളുകൾ കണ്ടെത്തിക്കഴിഞ്ഞു.

നിലവിലെ കരാർപ്രകാരം 31 ലക്ഷം രൂപയാണ് ഫോഡന് ആഴ്ചയിൽ വേതനമായി സിറ്റി നൽകുന്നത്. ഇത് ഒരു കോടിയായി പുതിയ കരാറിൽ വർധിക്കും. രണ്ടുവർഷംകൂടി കരാർ നീട്ടാനാണ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്. 2024 വരെയാണ് നിലവിലെ കരാറുള്ളത്. പുതിയ കരാർ യാഥാർഥ്യമായാൽ 2026 വരെ താരത്തിന് ക്ലബ്ബിൽ തുടരാം.

മാഞ്ചെസ്റ്റർ അക്കാദമിയിലൂടെ കളിപഠിച്ച ഫോഡൻ, ഇംഗ്ലീഷ് ദേശീയ ടീമിലും കളിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചുസീസണുകളിലായി സിറ്റിയിലുള്ള താരം 115 മത്സരങ്ങളിൽ ഇതുവരെ ടീമിനായി കളിച്ചു. 28 ഗോളും നേടി. ഈസീസൺ മുതലാണ് ടീമിലെ പ്രധാനതാരമായി മാറിയത്

Content Highlights: Manchester City offer £100,000-a-week deal for midfielder Phil Foden