ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കി മാഞ്ചെസ്റ്റര്‍ സിറ്റി. കരുത്തരായ ടോട്ടനത്തെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി വിജയമാഘോഷിച്ചത്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിന് വീണ്ടും അടിതെറ്റി. ലെസ്റ്റര്‍ സിറ്റിയാണ് ചെമ്പടയെ കീഴടക്കിയത്. 

ഇരട്ട ഗോളുകളുമായി തിളങ്ങിയ പ്ലേ മേക്കര്‍ ഇല്‍കെ ഗുണ്ടോഗന്റെയും റോഡ്രിയുടെയും ഗോളുകളുടെ ബലത്തിലാണ് സിറ്റി വിജയിച്ച് കയറിയത്. ടോട്ടനം കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ക്കിടയില്‍ വഴങ്ങുന്ന നാലാം തോല്‍വി കൂടിയാണിത്. തുടക്കത്തില്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടനം നിലവില്‍ ഒന്‍പതാം സ്ഥാനത്താണ്. 

പെപ് ഗാര്‍ഡിയോളയുടെ കീഴില്‍ സ്വപ്നക്കുതിപ്പ് തുടരുന്ന മാഞ്ചെസ്റ്റര്‍ സിറ്റി അവസാന 16 മത്സരങ്ങളിലും വിജയിച്ചു. മാത്രമല്ല കഴിഞ്ഞ 23 മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല. നിലവില്‍ 23 മത്സരങ്ങളില്‍ നിന്നും 53 പോയന്റുകളുള്ള സിറ്റി രണ്ടാമതുള്ള ലെസ്റ്ററിനേക്കാള്‍ ഏറെ മുന്നിലാണ്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ജയിച്ചാലും സിറ്റിയുമായുള്ള പോയന്റ് അകലം അഞ്ചാകും. ഈ ഫോം തുടര്‍ന്നാല്‍ സിറ്റി ഈ സീസണ്‍ സ്വന്തമാക്കുമെന്ന കാര്യം ഉറപ്പാണ്.

കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ ലെസ്റ്റര്‍ നാണം കെടുത്തി. ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. 67-ാം മിനിട്ടില്‍ മുഹമ്മദ് സലയിലൂടെ ലിവര്‍പൂളാണ് ലീഡെടുത്തത്. എന്നാല്‍ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന ലെസ്റ്ററിന് വേണ്ടി ജെയിംസ് മാഡിസണ്‍, ജെയ്മി വാര്‍ഡി, ഹാര്‍വി ബാണ്‍സ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാനും ലെസ്റ്ററിന് സാധിച്ചു. 

എന്നാല്‍ പ്രീമിയര്‍ ലീഗിലെ അവസാന മൂന്നു മത്സരങ്ങളും തോറ്റ ലിവര്‍പൂള്‍ പട്ടികയില്‍ നാലാമതാണ്. അവസാന പത്തുമത്സരങ്ങളില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ചെമ്പടയ്ക്ക് വിജയിക്കാനായത്.

Content Highlights: Manchester City extend lead to seven points, Liverpool stunned by Leicester City