മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്ക് തകര്‍പ്പന്‍ വിജയം. വോള്‍വ്‌സിനെ നാണം കെടുത്തിക്കൊണ്ട് പുതിയൊരു റെക്കോഡും സിറ്റി സ്വന്തമാക്കി. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ഗാര്‍ഡിയോളയും സംഘവും വിജയിച്ചത്.

സിറ്റിയ്ക്ക് വേണ്ടി ഗബ്രിയേല്‍ ജെസ്യൂസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ റിയാദ് മഹ്‌റെസ് മൂന്നാം ഗോള്‍ നേടി. ലിയാന്‍ഡര്‍ ഡെന്‍ഡോന്‍കറുടെ സെല്‍ഫ് ഗോളും സിറ്റിയെ തുണച്ചു. വോള്‍വ്‌സിനായി കോണോര്‍ കൊവാഡി ആശ്വാസ ഗോള്‍ നേടി.

ഈ വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അവസാന 15 മത്സരങ്ങളില്‍ സിറ്റി വിജയിച്ചു. വിവിധ ലീഗുകളിലായി സിറ്റി കഴിഞ്ഞ 28 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗില്‍ 2020 നവംബറിലാണ് സിറ്റി അവസാനമായി തോല്‍വി വഴങ്ങിയത്. 

ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള അകലം 15 പോയന്റാക്കാനും സിറ്റിയ്ക്ക് സാധിച്ചു. നിലവില്‍ 27 മത്സരങ്ങളില്‍ നിന്നും 65 പോയന്റാണ് സിറ്റിയ്ക്കുള്ളത്. ഒരു മത്സരം കുറച്ചുകളിച്ച യുണൈറ്റഡിന് 50 പോയന്റുകളുണ്ട്. ലെസ്റ്ററാണ് മൂന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ആറാമതാണ്. 

Content Highlights: Manchester City beats Wolves for 21st straight win