മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ സിറ്റിക്ക് ഇത് ചരിത്രനിമിഷം. ചരിത്രത്തില്‍ ആദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ് സിറ്റിസെന്‍സ്. സിറ്റി സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ സെമിഫൈനലില്‍ പി.എസ്.ജി.യെ മടക്കമില്ലാത്ത രണ്ട് ഗോളിന് കീഴ്‌പ്പെടുത്തി. പാരിസില്‍ നടന്ന ഒന്നാംപാദ എവെ സെമിയിയില്‍ അവര്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ഇതോടെ 4-1 എന്ന ഗോള്‍ശരാശരിയില്‍ ജയിച്ചാണ് അവരുടെ ആദ്യ ഫൈനല്‍ പ്രവേശം. ചെല്‍സി-റയല്‍ പോരാട്ടത്തിലെ വിജയികളാവും ഫൈനലില്‍ ഇവരുടെ എതിരാളികള്‍.

രണ്ടാം പാദത്തില്‍ ഇരു പകുതികളിലുമായി അള്‍ജീരിയന്‍ മിഡ്ഫീല്‍ഡര്‍ റിയാദ് മഹ്‌രെസ് നേടിയ ഇരട്ടഗോളാണ് സിറ്റിയുടെ ഫൈനല്‍ പ്രവേശം എളുപ്പമാക്കിയത്. പതിനൊന്ന്, 63 മിനിറ്റുകളിലായിരുന്നു മഹ്‌രെസിന്റെ ഗോളുകള്‍. പരിക്കേറ്റ എംബാപെയെ കൂടാതെയാണ് പി.എസ്.ജി. രണ്ടാംപാദ സെമിക്ക് ഇറങ്ങിയത്. നെയ്മര്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും നിറംമങ്ങിയ പ്രകടനമാണ് അവര്‍ പുറത്തെടുത്തത്.

ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ കൊടുത്ത ഒരു ലോഗ്‌ബോളാണ് ആദ്യ ഗോളിന് വഴിവച്ചത്. പന്ത് കിട്ടി സിന്‍ചെങ്കോ അത് കെവിന്‍ ഡി ബ്ര്യൂയ്‌ന് നല്‍കി. ഡിബ്ര്യൂയ്‌ന്റെ ഷോട്ട് പി.എസ്.ജി. ക്യാപറ്റന്‍ മാര്‍ക്യുനോസ് തടഞ്ഞെങ്കിലും റീബൗണ്ട് കിട്ടിയ മഹ്‌രെസ് അവസരം പാഴാക്കിയില്ല.

ആറു മിനിറ്റിനുശേഷം പി.എസ്.ജി.ക്ക് ഗോള്‍ മടക്കാന്‍ ഒരു അവസരം ലഭിച്ചിരുന്നു. എയ്ഞ്ചല്‍ ഡി മരിയയുടെ ഒരു ക്രോസ് ഉയര്‍ന്നുചാടി മാര്‍ക്കിനോസ് കുത്തിയിട്ടെങ്കിലും പന്ത് ക്രോസ് ബാറില്‍ ഇടിച്ചുമടങ്ങി.

ലഭിച്ച ലീഡില്‍ തൂങ്ങിക്കിടക്കാന്‍ ഒരുക്കമായിരുന്നില്ല സിറ്റി. രണ്ടാം പകുതിയിലും അവര്‍ ആക്രമിച്ചുതന്നെ കളിച്ചു. ഡി ബ്ര്യൂയ്‌നും ഫോഡെനും ചേര്‍ന്ന് നടത്തിയ നീക്കമാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. പന്ത് കിട്ടിയ മഹ്‌രെസിന് ഇക്കുറിയും പിഴച്ചില്ല.

രണ്ടാം ഗോള്‍ വീണ് തോല്‍വി ഉറപ്പായതോടെ നിലമറന്ന മട്ടിലായി പി.എസ്.ജി. പിന്നീട് കടുപ്പമുള്ള കളിയാണ് അവര്‍ പുറത്തെടുത്തത. സിറ്റി ക്യാപ്റ്റന്‍ ഫെര്‍ണാന്‍ഡിന്യോയെ ചവുട്ടിയതിന് ഏയ്ഞ്ചല്‍ ഡി മരിയക്ക് അറുപത്തിയൊന്‍പതാം മിനിറ്റി ചുവപ്പ് കണ്ട് പുറത്തുപോവേണ്ടിയും വന്നു. പിന്നീട് പലപ്പോഴും കളി കൈവിടുന്നതാണ് കണ്ടത്. ഒരുവേള രണ്ട് മിനിറ്റിനുള്ളില്‍ മൂന്ന് താരങ്ങള്‍ക്ക് വരെ റഫറിക്ക് മഞ്ഞകാര്‍ഡ് കാണിക്കേണ്ടിവന്നു.

എഴുപത്തിയെട്ടാം മിനിറ്റില്‍ സിറ്റിക്ക് ലീഡുയര്‍ത്താന്‍ ഒരു അവസരം കൂടി ലഭിച്ചു. എന്നാല്‍, ഫോഡന്റെ ഷോട്ട് പോസ്റ്റില്‍ ഇടിച്ചുമടങ്ങുകയായിരുന്നു.

2015-16 സീസണിലെ സെമിഫൈനല്‍ പ്രവേശമായിരുന്നു ഇതുവരെ ചാമ്പ്യന്‍സ് ലീഗിലെ സിറ്റിയുടെ ഇതുവരെയുളള ഏറ്റവും മികച്ച പ്രകടനം. ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ഏതാണ്ട് കിരീടത്തോട് അടുത്തുകഴിഞ്ഞു സിറ്റി. ഇനി നാലു മത്സരങ്ങള്‍ കൂടി ശേഷിക്കെ 34 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 80 പോയിന്റുമായി വ്യക്തമായാ ആധിപത്യം നേടിക്കഴിഞ്ഞു അവര്‍. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന് 33 കളികളില്‍ നിന്ന് 67 പോയിന്റ് മാത്രമാണുള്ളത്.

Content Highlights: Manchester City Beats PSG To Reach Maiden UEFA Champions League Final