മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചെസ്റ്റര്‍ സിറ്റി.

നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി തകര്‍ത്തെറിഞ്ഞത്. ആദ്യ മത്സരത്തില്‍ ടോട്ടനത്തോട് പരാജയപ്പെട്ട സിറ്റിക്ക് ഈ വിജയം ആശ്വാസമായി.

മത്സരത്തിലുടനീളം സിറ്റി ആധിപത്യം പുലര്‍ത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി. നോര്‍വിച്ച് താരം ടിം ക്രുലിന്റെ സെല്‍ഫ് ഗോളാണ് സിറ്റിയുടെ അക്കൗണ്ട് തുറന്നത്. ഗബ്രിയേല്‍ ജെസ്യുസിന്റെ ഷോട്ട് തടയാന്‍ ശ്രമിച്ച ക്രുലിന് സംഭവിച്ച പിഴവില്‍ പന്ത് വലയിലെത്തുകയായിരുന്നു. 

22-ാം മിനിറ്റില്‍ ജാക്ക് ഗ്രീലിഷ് സിറ്റിയുടെ ലീഡുയര്‍ത്തി. കൈല്‍ വാക്കര്‍ ക്രോസ് ചെയ്ത പന്ത് ഗ്രീലിഷിന്റെ കാലില്‍ തട്ടി വലയിലെത്തുകയായിരുന്നു. സിറ്റിക്കായി താരത്തിന്റെ ആദ്യ ഗോള്‍.

പിന്നാലെ 64-ാം മിനിറ്റില്‍ ഐമമെറിക് ലപോര്‍ട്ടെ സിറ്റിയുടെ ലീഡുയര്‍ത്തി. 71-ാം മിനിറ്റില്‍ റഹീം സ്‌റ്റെര്‍ലിങ്, ജെസ്യൂസിന്റെ പാസില്‍ നിന്ന് സിറ്റിയുടെ നാലാം ഗോളും നേടി. 84-ാം മിനിറ്റില്‍ റിയാദ് മഹ്‌റെസ് സിറ്റിയുടെ ഗോള്‍ പട്ടിക തികച്ചു. 

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയന്റുമായി സിറ്റി ആറാം സ്ഥാനത്താണ്. 

Content Highlights: Manchester City beat Norwich City 5-0