photo: twitter/Manchester City
മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം മുറുകുന്നു. ശനിയാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയും ആഴ്‌സണലും തകര്‍പ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ സിറ്റി ലിവര്‍പൂളിനെയും ആഴ്‌സണല്‍ ലീഡ്‌സ് യുണൈറ്റഡിനേയും പരാജയപ്പെടുത്തി. ഇരുടീമുകളും ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് വിജയിച്ചത്.
എത്തിഹാദില്‍ നടന്ന വമ്പന്മാരുടെ പോരാട്ടത്തില്‍ സിറ്റിയെ ഞെട്ടിച്ചാണ് ലിവര്‍പൂള്‍ തുടങ്ങിയത്. 17-ാം മിനിറ്റില്‍ സൂപ്പര്‍താരം മുഹമ്മദ് സലയാണ് ചെമ്പടയ്ക്കായി വലകുലുക്കിയത്. എന്നാല്‍ പിന്നീട് സിറ്റിയുടെ അത്യുഗ്രന്‍ തിരിച്ചുവരവാണ് മൈതാനത്ത് കാണാനായത്. 27-ാം മിനിറ്റില്‍ അര്‍ജന്റൈന്‍ യുവതാരം ജൂലിയന്‍ അല്‍വാരസ് സിറ്റിക്കായി സമനിലഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 46-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുയിനിലൂടെ സിറ്റി ലീഡെടുത്തു. 53-ാം മിനിറ്റില്‍ ഇകായ് ഗുണ്ടോഗനും വലകുലുക്കിയതോടെ ലിവര്‍പൂള്‍ പ്രതിരോധത്തിലായി. തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം സിറ്റിക്കോട്ടയില്‍ തട്ടിത്തെറിച്ചു. 74-ാം മിനിറ്റില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ നാലാം ഗോളും പിറന്നു. ഇത്തവണ ജാക് ഗ്രീലിഷാണ് ഗോള്‍പട്ടികയില്‍ ഇടം നേടിയത്.
കരുത്തരായ ലിവര്‍പൂളിനെ കീഴടക്കാനായത് കിരീടപ്പോരില്‍ ഗ്വാര്‍ഡിയോളയ്ക്കും സംഘത്തിനും നേട്ടമായി. അതേ സമയം ലീഡ്‌സ് യുണൈറ്റഡിനെ തകര്‍ത്ത ഗണ്ണേഴ്‌സ് തലപ്പത്ത് തുടരുകയാണ്. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ വിജയം. സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബെന്‍ വൈറ്റും ഗ്രാനിറ്റ് ഷാക്കയും വലകുലുക്കി. റാസ്മസ് ക്രിസ്റ്റന്‍സണാണ് ലീഡ്‌സിന്റെ ആശ്വാസഗോള്‍ നേടിയത്.
29- മത്സരങ്ങളില്‍ നിന്ന് 72 പോയന്റോടെ ഗണ്ണേഴ്‌സ് കിരീടത്തിലേക്ക് അടുക്കുകയാണ്. പട്ടികയില്‍ രണ്ടാമതുള്ള സിറ്റിക്ക് 28 മത്സരങ്ങളില്‍ നിന്ന് 64 പോയന്റാണുള്ളത്. 27 മത്സരങ്ങളില്‍ നിന്ന് 42 പോയന്റുമായി നിലവില്‍ എട്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍.
Content Highlights: manchester city beat liverpool, epl
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..