ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ആഴ്‌സനലിനും മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കും വിജയം. ആഴ്‌സനല്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കിയപ്പോള്‍ മാഞ്ചെസ്റ്റര്‍ സിറ്റി എതിരില്ലാത്ത നാലുഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ കീഴടക്കി.

ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍വെച്ചുനടന്ന മത്സരത്തില്‍ ടീമിനായി സൂപ്പര്‍താരം പിയറി ഔബമെയങ് ഇരട്ട ഗോളുകള്‍ നേടി തിളങ്ങി. ബുകായോ സാക്ക മൂന്നാം ഗോള്‍ നേടി. മൂന്നു ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 50,77 മിനിട്ടുകളിയാണ് ഔബമെയങ് ഗോള്‍ നേടിയത്. 60-ാം മിനിട്ടില്‍ സാക്കയും ഗോളടിച്ചു. ഈ വിജയത്തോടെ ആഴ്‌സനല്‍ പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേക്കുയര്‍ന്നു. 19 മത്സരങ്ങളില്‍ നിന്നും 27 പോയന്റുകളാണ് ടീമിനുള്ളത്. കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല. ഒരു ഘട്ടത്തില്‍ ആഴ്‌സനല്‍ 17-ാം സ്ഥാനത്ത് വരെയെത്തിയിരുന്നു.

ദുര്‍ബലരായ ക്രിസ്റ്റല്‍ പാലസിനെ സിറ്റി വെള്ളം കുടിപ്പിച്ചു. ഇംഗ്ലീഷ് യുവതാരം ജോണ്‍ സ്‌റ്റോണ്‍സ് ടീമിനായി ഇരട്ട ഗോളുകള്‍ നേടി. ഗുണ്ടോഗന്‍, റഹീം സ്‌റ്റെര്‍ലിങ് എന്നിവരും സ്‌കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ 1-0 ന് മുന്നിലായിരുന്ന സിറ്റി ബാക്കിയുള്ള മൂന്നുഗോളുകളും രണ്ടാം പകുതിയിലാണ് നേടിയത്. ഈ വിജയത്തോടെ സിറ്റി പോയന്റ് പട്ടികയില്‍ ലിവര്‍പൂളിനെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. 17 മത്സരങ്ങളില്‍ നിന്നും 35 പോയന്റാണ് ടീമിനുള്ളത്. 

18 മത്സരങ്ങളില്‍ നിന്നുമായി 37 പോയന്റുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. അവസാനം നടന്ന മത്സരത്തില്‍ ശക്തരും നിലവിലെ ചാമ്പ്യന്‍മാരുമായ ലിവര്‍പൂളിനോട് യുണൈറ്റഡ് ഗോള്‍ രഹിത സമനില വഴങ്ങിയിരുന്നു. 

സതാംപ്ടണെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ലെസ്റ്റര്‍ സിറ്റിയും ലിവര്‍പൂളിനെ പോയന്റ് പട്ടികയില്‍ മറികടന്നു. 18 മത്സരങ്ങളില്‍ നിന്നും 35 പോയന്റുള്ള ലെസ്റ്ററിന് പിന്നില്‍ ഇത്രയും മത്സരങ്ങളില്‍ നിന്നും 34 പോയന്റുകളുള്ള ലിവര്‍പൂള്‍ നാലാമതാണ്. 

Content Highlights: Manchester City beat Crystal palace and Arsenal pile more misery on Newcastle United