ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക് വിലക്ക്. കളിയിലെ സാമ്പത്തിക സുതാര്യതാ നിയമങ്ങള്‍ പാലിക്കാത്തതിനാണ് നടപടി. സിറ്റിക്ക് മൂന്നുകോടി യൂറോ (ഏകദേശം 232 കോടിരൂപ) പിഴയും യൂറോപ്യന്‍ ഫുട്ബോള്‍ ഗവേണിങ് ബോഡിയായ യുവേഫ വിധിച്ചു.

2012 മുതല്‍ 2016 വരെ സിറ്റി സ്പോണ്‍സര്‍ഷിപ്പ് വരുമാനം പെരുപ്പിച്ചുകാട്ടിയതായി യുവേഫ ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ ബോഡി (സി.എഫ്.സി.ബി.) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അന്വേഷണത്തോട് സിറ്റി സഹകരിച്ചിരുന്നില്ലെന്നും സി.എഫ്.സി.ബി. പറഞ്ഞു. 2021, 2022 സീസണില്‍നിന്നാണ് മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം യുവേഫയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന് സിറ്റി പ്രതികരിച്ചു. തങ്ങളുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായിട്ടില്ലെന്നും അന്വേഷണം ആരംഭിക്കുന്നതിനുമുന്‍പേ യുവേഫ തങ്ങളെ വിലക്കാനുള്ള തീരുമാനമെടുത്തിരുന്നെന്നും മാഞ്ചെസ്റ്റര്‍ സിറ്റി സ്വന്തം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. യുവേഫയുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നും അവര്‍ പറഞ്ഞു.

Content Highlights: Manchester City Banned From UCL for 2 Years