മാഞ്ചെസ്റ്റര്‍: ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിയ്ക്കും റയല്‍ മഡ്രിഡിനും തകര്‍പ്പന്‍ ജയം. സിറ്റി ജര്‍മന്‍ വമ്പന്മാരായ ബൊറൂസ്സിയ ഡോര്‍ട്മുണ്ടിനെ കീഴടക്കിയപ്പോള്‍ റയല്‍ മഡ്രിഡ് നിലവിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂളിനെ തകര്‍ത്തു.

സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍ വെച്ചുനടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് ഡോര്‍ട്മുണ്ടിനെ കീഴടക്കിയത്. കളിയുടെ 19-ാം മിനിട്ടില്‍ സൂപ്പര്‍താരം കെവിന്‍ ഡിബ്രുയിനെയുടെ ഗോളിലൂടെ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. ആദ്യപകുതി അവസാനിക്കുമ്പോള്‍ സിറ്റി 1-0 എന്ന സ്‌കോറിന് മുന്നിട്ടുനിന്നു. 

എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നുകളിച്ച ഡോര്‍ട്മുണ്ട് 84-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. മാര്‍ക്കോ റിയൂസാണ് ടീമിനായി ഗോള്‍ നേടിയത്. പക്ഷേ ഡോര്‍ട്മുണ്ടിന്റെ ആഹ്ലാദത്തിന് അധികനേരം ആയുസ്സുണ്ടായില്ല. 90-ാം മിനിട്ടില്‍ ഫില്‍ ഫോഡന്‍ സിറ്റിയ്ക്കായി വിജയഗോള്‍ നേടി. മത്സരത്തിനിടെ ഡോര്‍ട്മുണ്ട് ഒരു തവണ വല ചലിപ്പിച്ചിരുന്നെങ്കിലും റഫറി അത് നിഷേധിച്ചു. ഇതേത്തുടര്‍ന്ന് ജേഡന്‍ സാഞ്ചോ അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയതോടെ സംഭവം വിവാദമായി. 

ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് റയല്‍ വിജയമാഘോഷിച്ചത്. യുവതാരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളുകളാണ് റയലിന് തുണയായത്. കളിയുടെ 27-ാം മിനിട്ടില്‍ ഗോള്‍ നേടി വിനീഷ്യസ് റയലിന് ലീഡ് സമ്മാനിച്ചു. പിന്നാലെ 36-ാം മിനിട്ടില്‍ സ്‌കോര്‍ ചെയ്ത് മാര്‍ക്കോ അസെന്‍സിയോ ടീമിന്റെ ലീഡ് രണ്ടാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ റയല്‍ 2-0 എന്ന സ്‌കോറിന് മുന്നിലായി

രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. 51-ാം മിനിട്ടില്‍ മുഹമ്മദ് സലയാണ് ടീമിനായി ആശ്വാസ ഗോള്‍ നേടിയത്. എന്നാല്‍ 65-ാം മിനിട്ടില്‍ വീണ്ടും ഗോള്‍ നേടിക്കൊണ്ട് വിനീഷ്യസ് റയലിന്റെ വിജയമുറപ്പിച്ചു. റയലിന്റെ ഹോം ഗ്രൗണ്ടില്‍ വെച്ചാണ് മത്സരം നടന്നത്.

രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഏപ്രില്‍ 15 ന് നടക്കും. 

Content Highlights: Manchester City and Real Madrid celebrates victory in the first leg quarter finals of champions league