Photo: twitter.com|ManUtd
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റി, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നീ വമ്പന്‍ ടീമുകള്‍ക്ക് വിജയം. സിറ്റി ആഴ്‌സനലിനെയും യുണൈറ്റഡ് ന്യൂകാസിലിനെയും വീഴ്ത്തി. എന്നാല്‍ കരുത്തരായ ടോട്ടനം വീണ്ടും തോല്‍വി വഴങ്ങി.
എതിരില്ലാത്ത ഒരു ഗോളിനാണ് ആഴ്‌സനലിനെ സിറ്റി കീഴടക്കിയത്. 75-ാം സെക്കന്‍ഡില്‍ തന്നെ ഗോള്‍ നേടി റഹീം സ്‌റ്റെര്‍ലിങ് ടീമിന് വിജയമുറപ്പിച്ചു. റിയാദ് മെഹ്‌റെസിന്റെ പാസ്സില്‍ നിന്നും ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. ഇതോടെ കഴിഞ്ഞ 18 മത്സരങ്ങളിലും സിറ്റി വിജയം നേടി. കഴിഞ്ഞ 13 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ടീം തോല്‍വി അറിഞ്ഞിട്ടില്ല. നിലവില്‍ പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള സിറ്റി രണ്ടാമതുള്ള മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമായുള്ള അകലം 10 പോയന്റാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കീഴടക്കിയത്. മാര്‍ക്കസ് റാഷ്‌ഫോര്‍ഡിലൂടെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ ലീഡെടുത്തു. എന്നാല്‍ 36-ാം മിനിട്ടിലൂടെ സെയിന്റ് മാക്‌സിമിനിലൂടെ ന്യൂകാസില്‍ സമനില ഗോള്‍ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഡാനിയല്‍ ജെയിംസും ബ്രൂണോ ഫെര്‍ണാണ്ടസും യുണൈറ്റഡിനായി ഗോളുകള്‍ നേടി. ഈ വിജയത്തോടെ ടീം രണ്ടാം സ്ഥാനത്തെത്തി. 25 മത്സരങ്ങളില്‍ നിന്നും 49 പോയന്റാണ് യുണൈറ്റഡിനുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്നും സിറ്റിയ്ക്ക് 59 പോയന്റുണ്ട്.
എന്നാല്‍ കരുത്തരായ ടോട്ടനം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോറ്റു. ഇത്തവണ വെസ്റ്റ് ഹാമാണ് ടോട്ടനത്തെ ഞെട്ടിച്ചത്. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം. ടീമിനായി ആന്റോണിയോയും ജെസ്സെ ലിംഗാര്‍ഡും ഗോള്‍ നേടിയപ്പോള്‍ ടോട്ടനത്തിനായി ലൂക്കാസ് മോറ ആശ്വാസ ഗോള്‍ നേടി.
ഈ വിജയത്തോടെ വെസ്റ്റ് ഹാം നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ടോട്ടനം ഒന്‍പതാം സ്ഥാനത്തേക്ക് വീണു. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആസ്റ്റണ്‍ വില്ലയെ തോല്‍പ്പിച്ച് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.
Content Highlights: Manchester City and Manchester United continues their forn in English Premier League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..