മാഞ്ചെസ്റ്റര്‍: മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബയെ വിമര്‍ശിച്ച് ക്ലബ്ബിന്റെ മുന്‍താരം പോള്‍ സ്‌കോള്‍സ് രംഗത്ത്. ലിവര്‍പൂളിനെതിരായ പോഗ്ബയുടെ മോശം പ്രകടനമാണ് സ്‌കോള്‍സിനെ ചൊടിപ്പിച്ചത്. പോഗ്ബ കളിച്ചില്ലെങ്കില്‍ യുണൈറ്റഡിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് സ്‌കോള്‍സ് പറഞ്ഞു. 

' പോഗ്ബയുടെ പ്രകടനം വളരെ മോശമായിരുന്നു. രണ്ടാം പകുതിയില്‍ പകരക്കാരനായി എത്തിയ പോഗ്ബയുടെ ദൗത്യം ഉത്തരവാദിത്വത്തോടെ കളിച്ച് മധ്യനിര ശക്തമാക്കുക എന്നതായിരുന്നു. പക്ഷേ വന്നയുടന്‍ തന്നെ അനാവശ്യ ഫൗള്‍ നടത്തി അദ്ദേഹം ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങി. ടീം 5-0 ന് പിന്നിട്ടുനില്‍ക്കുമ്പോഴാണ് പോഗ്ബ ഇങ്ങനെ ചെയ്തത്'- സ്‌കോള്‍സ് പറഞ്ഞു.

പോഗ്ബയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും ഇത്രയും പ്രതിഭയുള്ള താരമായിരുന്നിട്ടും നിര്‍ണായക മത്സരത്തില്‍ വേണ്ടത്ര തിളങ്ങാന്‍ പോഗ്ബയ്ക്ക് സാധിക്കുന്നില്ലെന്നും സ്‌കോള്‍സ് വ്യക്തമാക്കി. 

'ഉത്തരവാദിത്വത്തോടെ കളിക്കേണ്ടതിനുപകരം വളരെ മോശമായാണ് പോഗ്ബ കളിച്ചത്. പോഗ്ബയില്ലെങ്കില്‍ യുണൈറ്റഡില്ല എന്നൊരു തെറ്റിധാരണയുണ്ട്. പോഗ്ബ കളിച്ചില്ലെങ്കില്‍ യുണൈറ്റഡിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അച്ചടക്കത്തോടെ കളിക്കാത്ത, പരിശീലകന്റെ വാക്കുകള്‍ക്ക് വിലനല്‍കാത്ത താരമാണ് പോഗ്ബ'- സ്‌കോള്‍സ് തുറന്നടിച്ചു. 

മത്സരത്തില്‍ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ നാണംകെടുത്തിയത്. ലിവര്‍പൂളിന്റെ മുഹമ്മദ് സല മത്സരത്തില്‍ ഹാട്രിക്ക് നേടി. പരിശീലകന്‍ ഒലെ ഗുണ്ണാര്‍ സോള്‍ഷ്യറുടെ കീഴില്‍ മോശം ഫോം തുടരുന്ന യുണൈറ്റഡിന് ഈ തോല്‍വി വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. 

Content Highlights: Man Utd won't miss anything if Pogba doesn't play again says Scholes